ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരത്തിനിടെ ബാളെടുക്കാൻ നിന്ന പെൺകുട്ടിയോട് പഴം തൊലിയുരിഞ്ഞ് നൽകാൻ ആവശ്യപ്പെട്ട ഫ്രഞ്ച് ടെന്നിസ് താരം എലിയട്ട് ബെൻഷെറിറ്റ് അമ്പയറുടെ ശാസന കേട്ട് നോക്കുന്നു.
മത്സരത്തിന്റെ ഇടവേളയിൽ വിശ്രമിക്കാനെത്തിയ എലിയട്ടിന് കഴിക്കാൻ പഴവുമായാണ് പെൺകുട്ടിയെത്തിയത്. പഴം തൊലിയുരിഞ്ഞു തരാൻ താരം ആവശ്യപ്പെട്ടപ്പോഴാണ് മൈക്കിലൂടെ അമ്പയർ ജോൺ ജോമാമിന്റെ കടുത്ത ശാസന എത്തിയത്. പന്തെടുക്കാൻ നിൽക്കുന്ന കുട്ടികളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് താരത്തെ ഓർമ്മിപ്പിക്കാനും അമ്പയർ മറന്നില്ല.
ജപ്പാന്റെ സുഗിയാമയ്ക്കെതിരായ മത്സരത്തിൽ വിജയിക്കാനും എലിയട്ടിന് കഴിഞ്ഞില്ല. 6-2, 6-0, 6-3 എന്ന സ്കോറിന് സുഗിയാമ വിജയം കാണുകയായിരുന്നു.
ക്രിസ്റ്റ്യാനോയുടെ സൂപ്പർ മുത്തം
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ യുവന്റ്സ് സൂപ്പർ താരം ക്രിസ്റ്റ്യാനോ ഡൈബാലയെ പാർമ്മയ്ക്കെതിരായ മത്സരത്തിനിടെ ഉമ്മ വയ്ക്കുന്ന ചിത്രം. മത്സരത്തിൽ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകൾ നേടിയിരുന്നു. രണ്ടാം ഗോളടിച്ചത് ഡൈബാലയുടെ പാസിൽ നിന്നായിരുന്നു. ഗോൾ ആഘോഷിക്കാൻ ഡൈബാലയുമൊത്ത് കോർണർ ഫ്ളാഗിനടുത്തേക്ക് ഓടിയ ക്രിസ്റ്റ്യാനോ ഓട്ടത്തിനിടെ സഹതാരത്തെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചത് ആകസ്മിക ചുംബനത്തിൽ അവസാനിക്കുകയായിരുന്നു.
ക്രിസ്റ്റ്യാനോയും ഡൈബാലയും തമ്മിൽ കളിക്കളത്തിൽ ഒത്തിണക്കമില്ലെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇരുവരുടെയും സ്നേഹ പ്രകടനം. കഴിഞ്ഞ ഏഴ് സെരി എ മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടി റെക്കാഡിട്ടിരിക്കുകയാണ് ക്രിസ്റ്റ്യാനോ.