തിരുവനന്തപുരം : ശുചിത്വ പ്രവർത്തനങ്ങളിൽ ഭാവി തലമുറയെ അണിനിരത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിത കേരളം മിഷൻ കനകക്കുന്ന് സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശുചിത്വത്തെക്കുറിച്ച് സ്‌കൂൾ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്.
നാടാകെ ശുചിയായിരിക്കുകയാണ് നവകേരള സൃഷ്ടിയിൽ പ്രധാനം. ഉറവിട മാലിന്യ സംസ്‌ക്കരണമാണ് പ്രമുഖം. പഴയശീലങ്ങൾ പലരും തുടരുകയാണ്. പാഴ് വസ്തുക്കൾ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന ശീലം നമുക്കുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിന് സാധ്യതയില്ലാത്ത പട്ടണ പ്രദേശങ്ങളിൽ കേന്ദ്രീകൃത മാലിന്യപ്ലാന്റുകൾ സ്ഥാപിക്കും. വിളപ്പിൽശാലയുടെ മുൻ അനുഭവം പുതിയ പ്ലാന്റുകളിൽ ഉണ്ടാകില്ല . ദുർഗന്ധമോ മറ്റു പ്രശ്നങ്ങളോ ഇല്ലാത്തതാണ് ആധുനിക മാലിന്യ പ്ളാന്റുകൾ. - മുഖ്യമന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് ബദൽ ഉല്പന്നങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തുളസീഭായിക്ക് നല്‍കി മുഖ്യമന്ത്രി ശുചിത്വസംഗമം ഉദ്ഘാടനം ചെയ്തു . ഹരിത അവാർഡുകളും വിതരണം ചെയ്തു.
മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, വി.എസ് .സുനിൽകുമാർ, കെ.കെ.ശൈലജ, നവകേരളം കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ കെ.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു തടങ്ങിയവർ പങ്കെടുത്തു. ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്‌സൺ ടി.എൻ സീമ സ്വാഗതവും എക്സിക്യുട്ടീവ് ഡയറക്ടർ മിർ മുഹമ്മദലി നന്ദിയും പറഞ്ഞു.മുഖ്യമന്ത്രിയുടെ ഹരിത അവാർഡിന് മികച്ച കോർപ്പറേഷനായി തിരുവനന്തപുരവും മികച്ച മുനിസിപ്പാലിറ്റിയായി , പൊന്നാനി യും മികച്ച ബ്ലോക്ക് പഞ്ചായത്തായി തൃശൂർ പഴയന്നൂരും മികച്ച ഗ്രാമപഞ്ചായത്തായി കണ്ണൂർ പടിയൂരും തിരഞ്ഞെടുക്കപ്പെട്ടു.