കൊൽക്കത്ത : വിരലിലെ പരിക്കിൽ നിന്ന് മോചിതനായി വരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയോട് രഞ്ജി ട്രോഫിയിൽ ബംഗാളിനായി അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങേണ്ടെന്ന് ബി.സി.സി.ഐ നിർദ്ദേശം. മത്സര പരിചയത്തിനായി രഞ്ജിയിൽ കളിക്കാൻ സാഹ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ന്യൂസിലൻഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കായി ഫിറ്റ്നസ് കാത്തു സൂക്ഷിക്കാനും പരിക്കുകൾ വരാനുള്ള സാദ്ധ്യത ഒഴിവാക്കാനുമായിരുന്നു ബി.സി.സി.ഐ നിർദ്ദേശം.
മെനൻഡസ് രാജിവച്ചു
കൊൽക്കത്ത : ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ക്ളബിന്റെ പരിശീലക സ്ഥാനത്തു നിന്ന് സ്പെയ്‌ൻകാരനായ അലജാൻഡ്രോ മെനൻഡസ് രാജിവച്ചു. ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നതിന് പിന്നാലെയാണ് കോച്ചിന്റെ രാജി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഈസ്റ്റ് ബംഗാൾ തുടർച്ചയായി തോറ്റിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് കുറ്റപത്രം
ലണ്ടൻ : കഴിഞ്ഞ ദിവസം ലിവർപൂളിനെതിരായ മത്സരത്തിനിടെ റഫറിയുമായി കളിക്കാൻ വാക്കു തർക്കത്തിന് ഏർപ്പെട്ടതിന് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ളബിന് കുറ്റപത്രം നൽകി.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ലിവർപൂളിന്റെ വിർജിൽ വാൻഡിക്ക് ഗോൾ കീപ്പർ ഡേവിഡ് സിനിയയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ഫിർമിനോ ഗോൾ നേടിയത് മാഞ്ചസ്റ്റർ താരങ്ങൾ ചോദ്യം ചെയ്തതാണ് പ്രശ്നമായത്. റഫറിക്കെതിരെ താരങ്ങൾ കയർത്തതോടെ അൽപ്പനേരം മത്സരം തടസപ്പെട്ടു.