തിരുവനന്തപുരം: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്കു വരുന്ന വാഹനങ്ങൾക്കും തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുന്ന വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം. എ.ജെ ആശുപത്രി ജംഗ്ഷനിൽ നിന്നു മാർക്കറ്റ് റോഡുവഴി കഴക്കൂട്ടം ജംഗ്ഷനിൽ പ്രവേശിച്ച് അവിടെനിന്നു സർവീസ് റോഡുവഴി തിരുവനന്തപുരത്തേക്ക് പോകണം. ടെക്‌നോപാർക്ക് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഈ ഭാഗത്തുള്ള സർവീസ് റോഡും മറ്റ് സമാന്തര പാതകളും ഉപയോഗിക്കണം. ശ്രീകാര്യത്തു നിന്നു കൊല്ലത്തേക്കു പോകുന്ന വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിൽ നിന്നു മാർക്കറ്റ് റോഡുവഴി തിരിഞ്ഞ് എ.ജെ ആശുപത്രി ജംഗ്ഷനിലൂടെയും, ചാക്ക ജംഗ്ഷനിൽ നിന്നു വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെ എ.ജെ ആശുപത്രി വഴി പോകണം.