തിരുവനന്തപുരം: സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ ആനീമസ്‌ക്രീൻ സ്‌ക്വയർ, അക്കാമ്മ ചെറിയാൻ സ്‌ക്വയർ, ഇ.എം.എസ് പാർക്ക്, രക്തസാക്ഷി മണ്ഡപം എന്നീ നാല് പ്രധാന സ്ഥലങ്ങളിൽ കഴിഞ്ഞകാല മുന്നേറ്റങ്ങളിൽ പങ്കെടുത്ത സ്ത്രീ പോരാളികൾക്ക് വേണ്ടി ഉയർത്തിയ സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചനയും വനിതകളുടെ വാദ്യമേളവും സംഘടിപ്പിച്ചു. പി.കെ. മേദിനി, വിധു വിൻസന്റ്, ശ്രുതി നമ്പൂതിരി, ദിവ്യ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പുഷ്പാർച്ചന നടത്തിയത്. പ്രധാന വേദിയായ ടാഗോർ തിയേറ്ററിന്റെ അങ്കണത്തിൽ ഉയർത്തിയ സ്മൃതിമണ്ഡപത്തിൽ പിന്നണി ഗായിക സയനോരയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് സംസ്ഥാനത്തെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. കേരള സ്ത്രീ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ, സംസ്ഥാന സർക്കാരിന്റെ ജെൻഡർ അഡ്വൈസർ ഡോ.ടി.കെ.ആനന്ദി നയിച്ച സംവാദം നടന്നു. സംവിധായിക ശ്രുതി നമ്പൂതിരി, ചലച്ചിത്ര താരം ദിവ്യ ഗോപിനാഥ്, മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, ചലച്ചിത്ര സംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ചുമട് താങ്ങി ബാൻഡ് ട്രൂപ്പിന്റെ നേതൃത്വത്തിൽ സംഗീതനിശയും അരങ്ങേറി. തുടർന്ന് സധൈര്യം മുന്നോട്ടിന്റെ ഭാഗമായി വനിതകളുടെ രാത്രി നടത്തവും സംഘടിപ്പിച്ചു.