മുംബയ് : ന്യൂസിലൻഡിനെതിരായ ട്വന്റി - 20 പരമ്പരയിൽ പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരം സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ചു. ഏകദിനത്തിൽ ധവാന് പകരക്കാരനായി പൃഥ്വി ഷാ അവസരം നേടി.
ഇപ്പോൾ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡിലുള്ള സഞ്ജു ഇനി സീനിയർ ടീമിൽ ചേരും. കൊഹ്ലിയും സംഘവും ഇന്നലെ കിവീസിലെത്തി.
ഇത് തുടർച്ചയായ നാലാം ട്വന്റി - 20 പരമ്പരയിലാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുന്നത്. ബംഗ്ളാദേശിനെതിരായ പരമ്പരയിൽ രോഹിതിന് പകരക്കാരനായെത്തി.വിൻഡീസിനെതിരെ ധവാന് പകരക്കാരനായി. എന്നാൽ ഇരു പരമ്പരകളിലും കളിക്കാനായില്ല. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ അവസാന ഒരു മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചു. എന്നാൽ നേരിട്ട ആദ്യ പന്തിൽ സിക്സടിച്ച സഞ്ജു അടുത്ത പന്തിൽ ഔട്ടായി.
ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും പരിക്കേറ്റതോടെയാണ് ധവാനെ കിവീസിലേക്ക് വിടേണ്ടെന്ന് തീരുമാനിച്ചത്. ന്യൂസിലൻഡിൽ അഞ്ച് ട്വന്റി-20 കളാണ് ആദ്യം കളിക്കുന്നത്.
രാജ്കോട്ടിൽ വാരിയെല്ലിന് ഏറുകൊണ്ട ധവാന് ബംഗളൂരുവിൽ ഫീൽഡിംഗിനിടെ തോളിന് പരിക്കേൽക്കുകയായിരുന്നു. ബംഗളൂരുവിൽ ധവാൻ ബാറ്റിംഗിനിറങ്ങിയതുമില്ല.
പേസർ ഇശാന്ത് ശർമ്മയും പരിക്കിന്റെ പിടിയിലാണ്. ടെസ്റ്റ് പരമ്പരയിൽ കളിക്കുമെന്ന് ഉറപ്പായിരുന്ന ഇശാന്ത് ശർമ്മ ഡൽഹിക്കു വേണ്ടി രഞ്ജി ട്രോഫി കളിക്കുന്നതിനിടെ കാൽക്കുഴയ്ക്ക് പരിക്കേൽക്കുകയായിരുന്നു, ആറാഴ്ചയെങ്കിലും ഇശാന്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 21 നാണ് കിവീസിനെതിരെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. രണ്ടാം ടെസ്റ്റ് 29 നും. അതിന് മുമ്പ് ഇശാന്ത് ഫിറ്റ്നെസ് വീണ്ടെടുക്കാൻ സാദ്ധ്യതയില്ല.
ട്വന്റി - 20 ടീം : കൊഹ്ലി (ക്യാപ്ടൻ), രോഹിത്, സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഷമി, സെയ്നി, രവീന്ദ്ര ജഡേജ, ശാർദ്ദൂൽ താക്കൂർ.
ഏക ദിന ടീം
കൊഹ്ലി (ക്യാപ്ടൻ), രോഹിത്, പൃഥ്വി ഷാ, രാഹുൽ ശ്രേയസ്, മനീഷ്, ഋഷഭ് പന്ത്, ശിവം ദുബെ, കുൽദീപ ചഹൽ, ജഡേജ, ബുംറ,ഷമി, സെയ്നി, ശാർദ്ദൂൽ, കേദാർ യാദവ്
ഇപ്പോൾ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡിലുള്ള സഞ്ജു ഇനി സീനിയർ ടീമിൽ ചേരും. കൊഹ്ലിയുടെ ഇന്ത്യൻ ടീം ഇന്നലെ കിവീസിലെത്തി.