തിരുവനന്തപുരം: 31ന് അയ്യൻകോയിക്കൽ ശാസ്‌താ ക്ഷേത്രത്തിൽ മൂന്നുദിവസത്തെ ഉത്സവത്തിന് കൊടിയേറും. എന്നാൽ ഇത്തവണ ഉത്സവം കൂടാൻ പ്രവീണും കുടുംബവുമെത്തില്ലെന്ന വിഷമത്തിലാണ് നാട്ടുകാർ. നേപ്പാൾ യാത്ര കഴിഞ്ഞ് ഉത്സവത്തിനെത്തുമെന്ന് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും വാക്കുനൽകിയാണ് പ്രവീൺ യാത്രപോയത്. പക്ഷേ, ഉത്സവം കൊടിയേറുന്നതിന് മുമ്പ് പ്രവീൺ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മടക്കമില്ലാത്ത ലോകത്തിലേക്ക് യാത്രയായി. നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് നാട്ടുകാരും സുഹൃത്തുക്കളും പ്രവീണിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നത്. ഒന്നരമാസം മുമ്പാണ് പ്രവീൺ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തി മടങ്ങിയത്. രോഹിണിയിലെ കൃഷ്ണൻനായരുടെയും പ്രസന്നയുടെയും മകനെക്കുറിച്ച് പറയുമ്പോൾ അയ്യൻകോയിക്കലിലെ ആളുകൾക്ക് നൂറു നാവാണ്. എല്ലാത്തിനും അവൻ മുന്നിലുണ്ടാകും. ഓണം വന്നാലും ഉത്സവം വന്നാലും പ്രവീൺ എത്തും. എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിലും അതിന് മാറ്റമുണ്ടാകില്ല. പട്ടം സെന്റ് മേരീസിൽ നിന്ന് സ്‌കൂൾ പഠനവും മാർ ഇവാനിയോസിൽ നിന്ന് പ്രീഡിഗ്രിയും പാസായി. തുടർന്ന് പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനിയറിംഗ് കോളേജിൽ ചേർന്നു. പഠനം കഴിഞ്ഞ് ദുബായിൽ ജോലി ലഭിച്ചെങ്കിലും പ്രവീൺ നാടുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. തിരക്കുകൾക്കിടയിലും ധർമ്മശാസ്‌താ ക്ഷേത്രത്തിന്റെ ഭാരവാഹിയായി. ക്ഷേത്രകാര്യങ്ങൾക്കും നാട്ടിലെ ആവശ്യങ്ങളും അറിയിച്ചാൽ അകമഴിഞ്ഞ് സഹായിക്കുന്ന ആളായിരുന്നു പ്രവീൺ. 16 വർഷം മുമ്പ് നിസാൻ കമ്പനിയിൽ ജോലിതേടിയാണ് പ്രവീൺ ഗൾഫിലെത്തുന്നത്. തുടർന്ന് അവിടെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള ഭായി കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ലഭിച്ചു. പിന്നീട് സ്വന്തമായി ഇന്റീരിയർ ഡിസൈൻ കമ്പനിയും ആരംഭിച്ചു. വിവാഹശേഷം കുടുംബവുമൊത്ത് ദുബായിൽ താമസമാക്കി. ഭാര്യ ശരണ്യയുടെ പഠനത്തിനായാണ് രണ്ട് വർഷം മുമ്പ് കൊച്ചിയിലെ ഫ്ളാറ്റിൽ താമസമാക്കിയത്. പ്രവീൺ ദുബായിലായതിനാൽ ശരണ്യയും മൂന്നുമക്കളും അച്ഛൻ ശശിധരനുമായിരുന്നു ഫ്ലാറ്റിൽ താമസം. ഇടയ്ക്കിടെ പ്രവീൺ വരും. ഇളമക്കരയിലെ സരസ്വതി വിദ്യാലയത്തിലായിരുന്നു കുട്ടികളെ ചേർത്തിരുന്നത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിനിയായ ശരണ്യയുടെ കുടുംബം വർഷങ്ങൾക്ക് മുമ്പ് പേരൂർക്കട അമ്പലമുക്കിൽ താമസമാക്കിയിരുന്നു. ശരണ്യയുടെ അമ്മ മൂന്നുവർഷം മുമ്പ് മരിച്ചു.
വോട്ടിടാൻ കൃത്യമായെത്തും
തിരഞ്ഞെടുപ്പിന് വോട്ടിടാൻ എത്ര തിരക്കായാലും പ്രവീൺ എത്തും. ഓണവും ഉത്സവവും പോലെയാണ് പ്രവീണിന് തിരഞ്ഞെടുപ്പും. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രവീൺ വോട്ടു ചെയ്യാനെത്തിയത് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത ഓർമ്മിച്ചു. പഠനകാലം മുതൽ ആർ.എസ്.എസ് പ്രവർത്തകനായിരുന്ന പ്രവീൺ ചെമ്പഴന്തി വിദ്യാർത്ഥി പ്രമുഖ്, സായംവിഭാഗ് കാര്യവാഹ് തുടങ്ങി ചുമതലകളും വഹിച്ചു. കോളേജിൽ എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്നു. ഉത്സവത്തിന് അവന്റെ വരവ് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്ന് സുഹൃത്ത് രാജീവ് പറഞ്ഞു. വർഷങ്ങളോളം വിദേശത്തായിരുന്ന കൃഷ്ണൻനായർ മകന് വിദേശത്ത് ജോലി ലഭിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇടതുപക്ഷ പ്രവർത്തകനായ കൃഷ്‌ണൻ നായർ അയ്യൻകോയിക്കൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്.