തിരുവനന്തപുരം: ഹൃദയം നുറുങ്ങുന്ന വേദന സമ്മാനിച്ച ഒരുപകലാണ് ഇന്നലെ ചേങ്കോട്ടുകോണം അയ്യൻങ്കോയിലിലെ നാട്ടുകാർ തള്ളി നീക്കിയത്. എല്ലാമെല്ലാമായ മകൻ നഷ്ടപ്പെട്ട വിവരം മാതാപിതാക്കളെ എങ്ങനെ അറിയിക്കും ? ആരു പറയും ? മകന്റെ മരണം എത്ര നേരം അവരിൽ നിന്നും മറച്ചുവയ്ക്കും ? ഈ ചോദ്യങ്ങൾക്ക് മുന്നിൽ നിസഹായരായി നിൽക്കുകയായിരുന്നു നാട്ടുകാർ. പ്രവീണിന്റെയും കുടുംബത്തിന്റെയും മരണവാർത്ത അറിഞ്ഞ നാട് ഒന്നാകെ വിറങ്ങലിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് നേപ്പാളിൽ മരിച്ച മലയാളികളുടെ കൂട്ടത്തിൽ ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണിയിലെ കൃഷ്ണൻ നായരുടെയും പ്രസന്നയുടെയും മകൻ പ്രവീണും കുടുംബവുമുണ്ടെന്ന് നാട്ടുകാരിൽ ചിലർ അറിഞ്ഞത്. കൃഷ്ണൻ നായരും രോഗിയായ ഭാര്യ പ്രസന്നയും ഇക്കാര്യം പെട്ടെന്ന് അറിയാതിരിക്കാൻ വീട്ടിലേക്കുള്ള കേബിൾ കണക്ഷൻ വിച്ഛേദിച്ചു. പ്രവീണും കുടുംബവും ചെറിയ അപകടത്തിൽപ്പെട്ടതായി ഇതിനിടെ ചില ബന്ധുക്കൾ അച്ഛനെ അറിയിച്ചു. ഉച്ചയായപ്പോൾ മാദ്ധ്യമങ്ങളുടെ വൻസന്നാഹം അയ്യൻകോയിക്കലിലേക്ക് എത്തി. മാതാപിതാക്കൾ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അവിടേക്ക് ഇപ്പോൾ പോകരുതെന്നുമായിരുന്നു നാട്ടുകാരുടെ അഭ്യർത്ഥന. തുടർന്ന് അവർ വീട്ടിലേക്ക് പോയില്ല. മൂന്നുമണി ആയപ്പോഴേക്കും കഴക്കൂട്ടം അസി. കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പൊലീസും വീട്ടിലേക്ക് കടന്നില്ല. ഇതിനിടെ പ്രവീണിന്റെ അടുത്ത ബന്ധുക്കളെത്തി അച്ഛൻ കൃഷ്ണൻനായരോടും പ്രവീണിന്റെ സഹോദരി പ്രസീതയോടും കാര്യം പറഞ്ഞു. അപ്പോഴും അമ്മയെ അറിയിച്ചില്ല. വൈകിട്ട് അ‌ഞ്ചോടെ വിങ്ങിപ്പൊട്ടിക്കൊണ്ട് ചില ബന്ധുക്കൾ വീട്ടിലെത്തിയതോടെ മരണവിവരം അമ്മയും അറിഞ്ഞു. പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അവരെ ആശ്വസിപ്പിക്കുകയായിരുന്നു. 5.30ഓടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡൽഹിയിലുള്ള കേരളത്തിന്റെ പ്രത്യേക പ്രതിനിധി ഡോ.എ. സമ്പത്ത്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ എന്നിവർ വീട്ടിലെത്തി.