കുളത്തൂർ: വാക്കുതർക്കത്തിനിടെയുണ്ടായ നാടൻ പടക്കമേറിൽ ഒരാൾക്ക് പരിക്കുപറ്റി. കുളത്തൂർ കുഞ്ചാലുംമൂട് അയ്യരുവിളാകത്ത്‌ വീട്ടിൽ രാജേഷിനെയാണ് മുൻ വൈരാഗ്യത്തിന്റെ പേരിൽ കുളത്തൂർ സ്വദേശി സിബി നാടൻ പടക്കമെറിഞ്ഞു പരിക്കേല്പിച്ചത്. സംഭവത്തിൽ സിബിയെയും കൂട്ടാളിയെയും തുമ്പ പൊലീസ് അറസ്റ്റുചെയ്‌തു. സംഭവശേഷം രണ്ട് ബൈക്കുകളിൽ രക്ഷപ്പെട്ട പ്രതികളെ തോന്നയ്ക്കൽ സായി ഗ്രാമത്തിന് സമീപത്തെ കോളനിയിൽ നിന്ന് സിറ്റി ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാലിന് സാരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ വിളിച്ച്‌ വരുത്തിയപ്പോൾ സിബി പ്രകോപനപരമായി പെരുമാറുകയും കൈയിൽ കരുതിയിരുന്ന നാടൻ പടക്കം രാജേഷിന് നേരെ വലിച്ചെറിയുകയുമായിരുന്നു. മറ്റുള്ളവർ പെട്ടെന്ന് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെയും തുമ്പ സി.ഐയുടെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.