നെയ്യാറ്റിൻകര: ഗവർണറുടെ പല പ്രതികരണങ്ങളും ഭരണഘടനയുടെ അടിസ്ഥാന തത്വംപോലും മനസിലാക്കാതെ ബോധമില്ലാത്ത രീതിയിലാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നെയ്യാറ്റിൻകരയിൽ മുൻ സ്പീക്കർ സുന്ദരൻ നാടാരുടെ 13 ാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റൂൾസ് ഒഫ് പ്രൊസിഡ്വറിനെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും പറയുമ്പോൾ അടിസ്ഥാന ചട്ടങ്ങളിൽ നിന്നുപോലും വ്യതിചലിച്ചാണ് ഗവർണർ പ്രതികരിക്കുന്നത്. ഭരണഘടനയിലെ 175 ാം അനുഛേദത്തിൽ നിയമസഭയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിൽ ഗവർണർക്ക് അഭിപ്രായം അറിയിക്കാനുണ്ടെങ്കിൽ അത് സ്പീക്കറെ അറിയിക്കുകയും, സ്പീക്കറിലൂടെ നിയമസഭയിൽ എത്തിക്കാൻ ശ്രമിക്കുകയും വേണം. എന്നാൽ അതിന് വിരുദ്ധമായാണ് ഗവർണറുടെ നിലപാടുകളെന്നും സ്പീക്കർ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ആർ. പ്രഭാകരൻതമ്പി അദ്ധ്യക്ഷനായിരുന്നു. കെ. ആൻസലൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ഹീബ, കെ.കെ. ഷിബു, സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, എൻ.ആർ.സി നായർ, ബി. ജയചന്ദ്രൻനായർ, എസ്. സുരേഷ്‌കുമാർ, ബിനു മരുതത്തൂർ തുടങ്ങിയവർ പങ്കെടുത്തു.