പൂവാർ: കോട്ടുകാലിലെയും പരിസര പ്രദേശത്തെയും തണ്ണീർത്തടങ്ങളും ആവാസവ്യവസ്ഥയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും. നിയമ വിരുദ്ധമായും അനുമതിയില്ലാതെയും അനധികൃതമായി കോട്ടുകാൽ തണ്ണീർത്തടം മണ്ണിട്ട് നികത്തുകയും മതിൽ കെട്ടുകയും ചെയ്തിട്ട് അവർക്കെതിരെ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനായി രൂപീകരിച്ചിട്ടുള്ള സംസ്ഥാന തല വിദഗ്ദ്ധ സമിതി അദാനിയുടെ 90 ഏക്കർ നികത്താനുള്ള അനുമതി നിഷേധിച്ചത്. ഇത്തരം വസ്തുതകൾ രേഖാമൂലം പഞ്ചായത്തിനെ ബോധ്യപ്പെടുത്തിയിട്ടും ഉചിതമായ നടപടി സ്വീകരിക്കാൻ വിസമ്മതിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. ഈ സാഹചര്യത്തിലാണ് തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനുള്ള ജനകീയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.