tn-prathapan

തിരുവനന്തപുരം: ഗവർണർ പദവി രാജ്യത്ത് വേണ്ട എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുമ്പോൾ സമാനമായ അഭിപ്രായം പ്രകടിപ്പിക്കുകയാണ് കോൺഗ്രസ് നേതാവും എം.പിയുമായ ടി.എൻ. പ്രതാപൻ. ഇതിനായി കോൺഗ്രസിൽ ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങുകയാണ്. ഗവർണർ പദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നിലപാട് തിരുത്തണമെന്നാണ് പ്രതാപന്റെ ആവശ്യം. വിഷയം പാർട്ടിയിൽ ഉന്നയിക്കും. ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ഏക സി.പി.എം എം.പിയായ എ.എം ആരിഫ് ഇക്കാര്യം അവിടെ ഉന്നയിച്ചാൽ പിന്തുണ നൽകാനാണ് പ്രതാപന്റെ നീക്കം. ഗവർണറുടെ തെറ്റായ പ്രവണതകളെ എതിർക്കുമ്പോൾതന്നെ ഗവർണർ പദവി വേണ്ട എന്ന അഭിപ്രായം കോൺഗ്രസിനില്ല. അതിന് വിരുദ്ധമായ അഭിപ്രായമാണ് പ്രതാപൻ പ്രകടിപ്പിച്ചിരിക്കുന്നത്. ഗവർണർ പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ സ്വകാര്യ ബില്ലിന് അനുമതി തേടിയ ടി.എൻ പ്രതാപൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

രാഷ്ട്രപതിയുമായി താരതമ്യം ചെയ്യണ്ട

പൗരത്വ ഭേദഗതിയിൽ കേരള നിയമസഭ സംയുക്തമായി പാസാക്കിയ പ്രമേയത്തെ ഗവർണർ എതിർത്തു. മഹാരാഷ്ട്രയിൽ ജനാധിപത്യപരമായി അധികാരത്തിൽ വന്ന ഒരു സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ രാത്രി നാടകങ്ങൾ. ഇതുപോലെയാണ് കർണാടകയിലും നടന്നത്. കേരളത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ ബംഗാളിലുള്ളത്. അങ്ങനെ രാജ്യത്തെ ജനകീയ സർക്കാരുകൾക്ക് നേരെ ഗവർണർമാർ അവരുടെ രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ഈ സാഹചര്യത്തിലാണ് ഗവർണർ പദവി ആവശ്യമുണ്ടോയെന്ന ചർച്ച രാജ്യത്ത് ഉയർത്തികൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചത്. അങ്ങനെയൊരു പദവിയുടെ ആവശ്യം രാജ്യത്തില്ല. രാഷ്ട്രപതി ഒരു ഇലക്ട്രൽ പോസ്റ്റാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് ഗവർണർ- രാഷ്ട്രപതി പദവികളെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല.

സാഹചര്യം മാറി

ഗവർണറും റസിഡന്റുമൊക്കെ ബ്രിട്ടീഷ് സിസ്റ്റത്തിന്റെ ഭാഗമാണ്. നാട്ടുരാജ്യങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള മീഡിയേറ്റർമാരായിരുന്നു റസിഡന്റുമാർ. രാജ്യത്ത് ഭരണഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കവേ ഗവർണർ പദവി വേണമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. അന്ന് ഈ പദവി വേണ്ടെന്നായിരുന്നു ഒരു പ്രബല വിഭാഗം പറഞ്ഞത്. എന്നാൽ, നെഹ്റു നടത്തിയ സമവായ ശ്രമങ്ങളിലൂടെയാണ് രാജ്യത്ത് ഗവർണർമാരുണ്ടാകുന്നത്. ഇന്ത്യയിൽ പുതിയൊരു സർക്കാർ വന്നതേയുണ്ടായിരുന്നുള്ളൂ. ആ സമയത്ത് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള ഒരു ലെയ്സൺ എന്ന നിലയിലാണ് നെഹ്റു ഗവർണമാർ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ന് ഇന്ത്യയിൽ സമ്പൂർണ ജനാധിപത്യം നടപ്പിലായി. എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുണ്ട്. ഗവർണർമാർ ഇല്ലാതെ തന്നെ കേന്ദ്രവും സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ആ സംവിധാനങ്ങൾ തന്നെ ധാരാളം. അതിനപ്പുറം ഗവർണറെ നമുക്കാവശ്യമില്ല.

പാർട്ടി നിലപാട് മാറ്റണം

ഗവർണർ പദവിയെ അനുകൂലിച്ചുള്ള നിലപാടിൽ നിന്ന് കോൺഗ്രസ് മാറി ചിന്തിക്കണമെന്നാണ് എന്റെ ആഗ്രഹം. അതാതുകാലത്ത് ഭരിക്കുന്ന പാർട്ടികൾ അവരുടെ നേതാക്കൾക്ക് വിശ്രമ കാലത്ത് കൊടുക്കുന്ന ഓർണമെന്റൽ പോസ്റ്റാണ് ഗവർണർ സ്ഥാനം. എന്റെ ആവശ്യം ഞാൻ പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. പാർലമെന്ററി പാർട്ടിയിൽ ഉൾപ്പടെ ഈ ആവശ്യം ഉന്നയിക്കും.

ആരിഫിന്റെ പിന്തുണ തേടും

കേരളത്തിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാൻ അനുവദിക്കില്ല. സ്വകാര്യ ബിൽ ഭരണഘടനപരമായി ഒരു പാർലമെന്റ് അംഗത്തിന്റെ ആവകാശമാണ്. എന്നാൽ, പാർട്ടി നിലപാടിന് വിരുദ്ധമാകാൻ പാടില്ലെന്നുണ്ട്. പാർട്ടിയോട് ചോദിച്ചിട്ടല്ല ഞാൻ സ്വകാര്യ ബില്ലിന് അനുമതി തേടിയത്. അതൊരു അംഗത്തിന്റെ സ്വാതന്ത്ര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഗ്രാമസഭ മുതൽ പാർലമെന്റ് വരെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുള്ള ഒരു രാജ്യത്ത് നോമിനേറ്റ‌ഡ് ഹെഡുണ്ടാകുന്നത് പരിഹാസ്യമാണ്. ഇത് എനിക്ക് ലോക്സഭയിലെ അംഗങ്ങളെയും പാർട്ടിയിലെ സഹപ്രവർത്തകരെയും ബോദ്ധ്യപ്പെടുത്തണം. തുറന്ന ആശയവിനിമയം നടക്കേണ്ടതുണ്ട്. ഇത് കേന്ദ്രസർക്കാർ ഒൗദ്യോഗിക ബിൽ ആക്കണം എന്നാണ് എന്റെ ആഗ്രഹം. കേരളത്തിൽ നിന്ന് ആരിഫ് എം.പിയുടെ പിന്തുണ ഞാൻ തേടും. എന്റെ പാർട്ടി എം.പിമാരും എന്നെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. പാർലമെന്റിലെ നന്ദി പ്രമേയ ചർച്ചയിൽ ഉൾപ്പടെ കേരളത്തിലെ വിഷയങ്ങൾ ശക്തമായി ഉയർത്തിക്കാട്ടാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.

പ്രതീക്ഷ കോടതിയിൽ

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്. കപിൽ സിബലാണ് കോടതിയിൽ എന്റെ അഭിഭാഷകൻ. ഇതൊരു ഭരണഘടന പ്രതിസന്ധിയാണെന്നും നിയമലംഘനമാണെന്നും കോടതിയെ ബോദ്ധ്യപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇതുവരെ സത്യവാങ്മൂലം നൽകാതെ ഒളിച്ച് കളിക്കുകയായിരുന്നു. ഇന്നലെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടപ്പോൾ ആറ് ആഴ്ചത്തെ സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. പറ്റില്ല അഞ്ച് ആഴ്ചയ്ക്കകം തരണമെന്നായിരുന്നു കോടതിയുടെ മറുപടി. യു.പിയിൽ പൗരത്വനിയമം നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് ഞങ്ങൾ ബോദ്ധ്യപ്പെടുത്തിയപ്പോൾ അന്തിമവാക്ക് കോടതിയുടേത് ആയിരിക്കുമെന്നാണ് ബെഞ്ച് പറഞ്ഞത്. അതിലാണ് ഞങ്ങളുടെ പ്രതീക്ഷ.