കടയ്ക്കാവൂർ: തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം ബാർട്ടൻഹിൽ കുന്നുകുഴി തങ്കവിലാസം വീട്ടിൽ രാജൻ (39) ആണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. വക്കം പണയികടവ് മണക്കാട്ട് താഴെ വീട്ടിൽ സരോജിനിയുടെ വീട്ടിലാണ് മോഷണം നടന്നത്. സരോജിനി വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടിയ സമ്പാദ്യമായ ഇരുപതിനായിരം രൂപയും രേഖകളുമാണ് മോഷണം പോയത്. സമീപത്തെ ബാർ ഹോട്ടലിൽ കരാർ പണിക്കായി എത്തിയതായിരുന്നു ഇയാൾ. ഇക്കഴിഞ്ഞ ഞായറാഴ്ച സരോജിനിയുടെ വണ്ടിക്കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി സൗഹൃദം സ്ഥാപിച്ച് അവിടെ കൂടുകയായിരുന്നു. സന്ധ്യയ്ക്ക് സരോജിനി വിളക്കു കത്തിക്കാൻ കടയോട് ചേർന്നുള്ള വീട്ടിലേക്ക് പോയ സമയത്തായിരുന്നു പ്രതി മോഷണം നടത്തിയത്. തൊട്ടടുത്ത ഹോട്ടലിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഒളിസ്ഥലത്ത് നിന്നാണ് പിടികൂടിയത്. തിരുവനന്തപുരം സിറ്റിയിലെ നിരവധി കേസുകളിലെ പ്രതിയാണ് രാജൻ. കരമന, തമ്പാനൂർ, മ്യൂസിയം, വഞ്ചിയൂർ, ഫോർട്ട്, വലിയതുറ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സിനിമ - സീരിയൽ താരം ഇനിയയുടെ വീട്ടിൽ നിന്നു ലക്ഷക്കണക്കിന് രൂപ കവർച്ച നടത്തിയതും രാജന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ എസ്.എം.റിയാസ്, സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ എ.എസ്.ഐ ദിലീപ്, ബൈജു സി.പി.ഒമാരായ ഡീൻ, ജ്യോതിഷ്, ബിനോജ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
ഫോട്ടോ...രാജൻ