രാജ്യം വളരെ സങ്കീർണമായ സാമ്പത്തിക ദശാസന്ധിയിലൂടെ കടന്നുപോവുകയാണല്ലോ. വിദഗ്ദ്ധർ ഇതിനെ വിശകലനം ചെയ്ത് അഭിപ്രായവും പരിഹാരവും നിർദ്ദേശിക്കുന്നു. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ കേവല പരിഷ്കാരങ്ങൾ വിനിമയ പ്രതിസന്ധികൾക്കപ്പുറം സമ്പദ് വ്യവസ്ഥയെ കാതലായി ഗ്രസിക്കുമെന്ന് തോന്നുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നാം നല്കുന്ന ദിശാബോധവും തിരഞ്ഞെടുക്കുന്ന മാർഗങ്ങളുമാണ് ജയാപജയങ്ങൾ നിർണയിക്കുന്നത്. ഭാരതം സാമ്പത്തിക വളർച്ചയിൽ പിന്നാക്കം പോകാൻ കാരണം നാം സ്വീകരിച്ച തെറ്റായ വഴികളാണ്.
സമ്പദ്ഘടനയെ സംബന്ധിച്ച് ലോകമെമ്പാടും പ്രധാനമായും രണ്ട് ചിന്താധാരകളാണുള്ളത്. ഇവ തന്നെയാണ് പ്രവൃത്തിപഥത്തിലും പരീക്ഷിക്കപ്പെടുന്നത്. ഒന്ന് സോഷ്യലിസ്റ്റ് രീതി. മൂലധനം പൂർണമായും സർക്കാരിൽ കേന്ദ്രീകരിക്കുകയും സ്വകാര്യ സംരംഭങ്ങൾ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ രീതി. ഭാരതം സ്വാതന്ത്ര്യാനന്തരകാലത്ത് തിരഞ്ഞെടുത്തത് ഈ വഴിയായിരുന്നു. എന്നാൽ മമതാബോധമോ മാനവികതയോ മത്സരമോ ഇല്ലാത്ത സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ സമ്പൂർണമായും പിന്തള്ളപ്പെട്ടു. മൂന്നാം ലോകമെന്ന പേര് മാത്രമാണ് ഇതിന്റെ നേട്ടം. സോഷ്യലിസ്റ്റ് പരാജയത്തിൽ പകച്ചു നിന്ന പടനിലത്തേക്കാണ് എൽ.പി.ജി എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന നവസാമ്പത്തിക സംവിധാനം കടന്നുവന്നത്. തുടക്കത്തിൽ ആവേശോജ്ജ്വലമായ പ്രകടനമായിരുന്നെങ്കിലും രണ്ട് ദശകങ്ങൾക്കപ്പുറം പോരായ്മകൾ വെളിച്ചത്തായിത്തുടങ്ങി. തദ്ദേശീയ ഉത്പാദന വിപണന രംഗത്തുണ്ടായ വൻതകർച്ച ഈ മാതൃകയുടെ ശേഷിപ്പാണ്.
പരാജയപ്പെട്ട ഈ രണ്ട് മാതൃകകൾക്കു പുറമേ ഏതെങ്കിലും ലോകരാഷ്ട്രങ്ങൾ മൂന്നാമതൊരു മാതൃക സ്വീകരിച്ചിട്ടുണ്ടോ? മനുഷ്യമനസിൽ അസംതൃപ്തി വിളയിക്കുന്നു എന്നതാണ് മേൽപ്പറഞ്ഞ രണ്ട് മാർഗങ്ങളുടെയും പരാജയം. വർഗവ്യത്യാസത്തിലൂന്നിയാണ് രണ്ട് സിദ്ധാന്തങ്ങളും രചിക്കപ്പെട്ടത്. തൊഴിലിന്റെ അടിസ്ഥാനത്തിലോ ധനം, ജാതി, വർണം, ദേശം എന്നിവയുടെ അടിസ്ഥാനത്തിലോ ഉള്ള വേർതിരിവുകളാണ് ഇരുദർശനങ്ങളുടേയും ആധാരം. അതുകൊണ്ടുതന്നെ എപ്പോഴും ഒരു വിഭാഗം അസന്തുഷ്ടരായിരിക്കും. ഇതിന് മാറ്റം വരാതെ പുരോഗതി കൈവരിക്കാനാവില്ല.
ഏകാത്മ മാനവദർശനം
മനുഷ്യർ മാത്രമല്ല സകല ജീവജാലങ്ങളും ഒരേ ചൈതന്യത്തിന്റെ ബഹിർസ്ഫുരണമാണെന്ന വിശ്വാസവും ആ സിദ്ധാന്തത്തിൽ അടിയുറച്ച സാമ്പത്തിക സംവിധാനവുമാണ് ഏകാത്മ മാനവദർശനം മുന്നോട്ടുവയ്ക്കുന്നത്. വേർതിരിവുകളില്ലാതെ ഏവർക്കും സംതൃപ്തിയേകുന്ന ഒരു വികസന രൂപരേഖയിലേക്കും അതിന്റെ അടിസ്ഥാന പ്രമാണമായ പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിലേക്കുമാണ് നവലോകം വിരൽചൂണ്ടുന്നത്. ലോക സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിരുന്ന കാലത്ത് ഭാരതം അവലംബിച്ചിരുന്നത് ഈ നയവും ശാസ്ത്രവുമാണ്. എന്നാൽ ആധുനിക കാലത്തിന് അനുസൃതമായി ഈ സാമ്പത്തിക ദർശനത്തെ വിപുലീകരിച്ചും വിശകലനം ചെയ്തും അവതരിപ്പിക്കേണ്ടതുണ്ട്. ഒരു ദേശത്തിന്റെ സാമ്പത്തിക ഉന്നമനം; അതിന്റെ ഭൂമിശാസ്ത്രപരമായും ജൈവശാസ്ത്രപരവുമായ ഘടനയെ ആശ്രയിച്ചു മാത്രമാണെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ആഗോള സമ്പദ്വ്യവസ്ഥയും ഇറക്കുമതി ചെയ്യപ്പെട്ട സംഹിതകളും വിവിധ രാജ്യങ്ങളിൽ തകർന്നടിഞ്ഞത്. ഈ വ്യവസ്ഥിതിയിൽ സമ്പത്തിന്റെ പരമമായ അവകാശി ആരാണെന്ന ചോദ്യം ഉയരും. സമ്പത്തിന്റെ ഉടമ രാജ്യമോ, വ്യക്തികളോ അല്ല സമാജമാണെന്നാണ് ഉത്തരം. സമാജവും സമൂഹവും വിഭിന്നവുമാണ്. മഹാത്മാഗാന്ധി വിശ്വസിച്ചിരുന്നതുപോലെ നാമെല്ലാം സമ്പത്തിന്റെ രക്ഷാകർത്താക്കൾ മാത്രം, ഉടമയല്ല. ഈ ബോധമാണ് സംതൃപ്തിയുടെ ഉറവിടം. ധനാർജ്ജനം ധർമ്മമാണെന്ന ബോധം, സമ്പാദനം ത്വരിതപ്പെടുത്തും. സമഗ്രവളർച്ച, രാജ്യപുരോഗതി, പൗരധർമ്മം, സുരക്ഷ, ഉത്പാദനം, വിപണനം, തൊഴിൽ, വ്യാപാരം, വിദ്യാഭ്യാസം, പൗരോഹിത്യം എന്നീ സമസ്ത മേഖലകളിലും ഈ ധർമ്മബോധമുണ്ടാകുന്ന ഒരു അർത്ഥ വ്യവസ്ഥയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. അതിന്റെ ശാസ്ത്രീയത പരിശോധിക്കാം.
ഹിന്ദു ഇക്കണോമിക്സ്
സ്വതന്ത്ര ഭാരതത്തിലാദ്യമായി 'ഹിന്ദു ഇക്കണോമിക്സ് " എന്ന പദം ഉയർത്തിയത് പ്രശസ്ത സാമ്പത്തിക ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന എം.ജി. ബൊക്കാറെ ആണ്. അദ്ദേഹത്തിന്റെ ഹിന്ദു ഇക്കണോമിക്സ് എന്ന ഗ്രന്ഥമാണ് ഇതിൽ പ്രാമാണികം. ഹിന്ദു സാമ്പത്തിക ദർശനത്തിന്റെ പ്രമാണങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. വേദകാലം മുതൽക്കുതന്നെ പ്രയോഗത്തിലിരുന്ന ശാസ്ത്ര ശാഖയായിരുന്നു ഹിന്ദു ഇക്കണോമിക്സ്. ആയുർവേദം, വാസ്തുശാസ്ത്രം, യോഗ എന്നിവയൊക്കെ പോലെതന്നെ ഒരു വൈജ്ഞാനിക ശാഖയായിരുന്നു ഇതും . കേവലം വിശ്വാസപരമായ ഒന്നുംതന്നെ ഹിന്ദു ഇക്കണോമിക്സിൽ ഇല്ല. അതുകൊണ്ടുതന്നെ ഗവേഷണങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കി പുനഃനിർവചിക്കുന്ന ശുദ്ധശാസ്ത്രമാണ്. മനുഷ്യകേന്ദ്രീകൃതമായ ഒരു സാമ്പത്തിക ദർശനമാണെന്നതാണ് ഈ സിദ്ധാന്തത്തിന്റെ സവിശേഷത. സാക്ഷി ഭാവത്തിൽ സമ്പദ്ഘടന വളർത്തുകയും ധനാഗമം നടത്തുകയും ചെയ്യാൻ ആഹ്വാനം ചെയ്യുന്നതാണ് ഈ സിദ്ധാന്തത്തിന്റെ അടിത്തറ. ധർമ്മമാണ് പ്രേരണ. എന്നാൽ നിർഭാഗ്യവശാൽ ഭാരതം പിന്തുടർന്നു പോരുന്നത് അധാർമ്മികമായ സാമ്പത്തിക ദർശനങ്ങളാണ്. അതുകൊണ്ടുതന്നെ അഞ്ച് ട്രില്യൻ ഇക്കണോമി എന്നൊക്കെയുള്ള ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പ്രയാസമാണ്.
ഇന്ത്യയുടെ സാമ്പത്തിക നയവും നിയമങ്ങളുമൊക്കെ ഹിന്ദു ഇക്കണോമിക്സ് ആധാരമാക്കി പുനർവിഭാവനം ചെയ്താൽ മാത്രമേ ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് വരെ നാം കൈവരിച്ചു പോന്നിരുന്ന വിശ്വഗുരുസ്ഥാനം വീണ്ടെടുക്കാൻ സാധിക്കൂ. എല്ലാ ഭാരതീയന്റെയും ലക്ഷ്യവും മോഹവും ലോക സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളർത്തണമെന്നാണെങ്കിൽ അതിനു തിരഞ്ഞെടുക്കുന്ന മാർഗവും ശരിയായിരിക്കണം. വിപുലമായ ചർച്ചകളിലൂടെയും ആശയ വിനിമയത്തിലൂടെയുമൊക്കെ ഈ പരിഹാരമാർഗം ഭരണനേതൃത്വത്തിന്റെ ബോധമണ്ഡലത്തിലെത്തിക്കാൻ സാധിച്ചാൽ നാം ഭാഗികമായെങ്കിലും വിജയിച്ചെന്ന് കരുതാം.
(ലേഖകൻ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റാണ് ഫോൺ : 9447167706)