kovalam

കോവളം: ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരുവല്ലത്ത് ബൈപാസ് റോഡുപണി പൂർത്തിയായെങ്കിലും യാത്രക്കാരുടെ ആശങ്ക ഒഴിയുന്നില്ല. തിരുവല്ലത്ത് പുതിയ പാലം വരുമ്പോൾ എല്ലാ ദുരിതവും തീരുമെന്ന് പ്രതീക്ഷിച്ച പ്രദേശവാസികൾക്ക് ഇപ്പോൾ ദുരിതം കൂടുകയാണ് ചെയ്‌തത്. അശാസ്ത്രീയമായ റോഡ് നിർമ്മാണവും വാഹനങ്ങളുടെ അമിതവേഗതയുമാണ് ഇതിന് കാരണം. കോവളം, പുഞ്ചക്കരി, കാർഷിക കോളേജ്, വെങ്ങാനൂർ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കൂടുതലും ദുരിതത്തിലായത്. വാഹനങ്ങൾ തിരുവല്ലം ജംഗ്ഷനിലെത്തുമ്പോൾ വൺവേ റോഡിലേയ്ക്ക് തിരിയണം. ഈ വാഹനങ്ങൾ വീണ്ടും മുന്നിലേയ്ക്ക് പോയതിന് ശേഷമാണ് നഗരത്തിലേക്ക് പോകുന്ന റോഡിലേയ്ക്ക് തിരിയേണ്ടത്. ഭയത്തോടെയാണ് വാഹനയാത്രക്കാർ ഇതുവഴി പോകുന്നത്. ഇവിടെ റോഡിന് സമാന്തരമായി കോടികൾ ചെലവിട്ട് കാൽനട യാത്രക്കാർക്കായി നിർമ്മിച്ച ഇരുമ്പിൽ തീർത്ത ഫുട്ഓവർബ്രിഡ്‌ജ് ഫലംകണ്ടില്ല. പരാതികളെ തുടർന്ന് തിരുവല്ലത്ത് മറ്റൊരു പാലം നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും അത് പ്രായോഗികമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം. തിരുവല്ലം ജംഗ്ഷനിലെ പഴയ റോഡുകളെ ബന്ധിപ്പിക്കാതെ വൺവേ സംവിധാനത്തിലുള്ള റോഡിൽ നിയമം മറികടന്ന് യാത്രക്കാരെ ചുറ്റിക്കുന്ന ബൈപാസ് അധികൃതർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവരെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

നാട്ടുകാരുടെ ആവശ്യങ്ങൾ

---------------------------------------

1. നഗരത്തിൽ നിന്നും അമ്പലത്തറ മിൽമ ഡെയറിയുടെ

മുന്നിലൂടെ ബൈപാസിൽ കയറുന്നതിന് സിഗ്നൽ ലൈറ്റ്

2. പഴയ റോഡുകളെ ബന്ധിപ്പിക്കുന്നതിന് സർവീസ്

റോഡിന് സമീപത്തായി രണ്ട് പാലങ്ങൾ നിർമ്മിക്കണം

3. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ

പൊലീസുകാരെ നിയമിക്കണം

പ്രതികരണം

------------------------------

തിരുവല്ലം ബൈപാസിൽ ഗതാഗതം സുഗമമാകുന്നതിന് പാലം വേണമെന്ന ആവശ്യം പരിഗണനയിലുണ്ട്. എന്നാൽ ഇതിന്റെ യാതൊരു നടപടി ക്രമങ്ങളും ആരംഭിച്ചിട്ടില്ല.

പി.പ്രദീപ്, ദേശീയപാത പ്രോജക്ട് ഡയറക്ടർ