കടയ്‌ക്കാവൂർ: കടയ്‌ക്കാവൂർ പഞ്ചായത്തിലെ വികസനപദ്ധതികൾ ഉദ്യോഗസ്ഥലോബി അട്ടിമറിക്കുന്നതായി വികസനകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ സുഭാഷ് ആരോപിച്ചു. ഇതുകാരണം കടയ്ക്കാവൂരിൽ അനുവദിച്ച ഇൻഡോർ സ്റ്റേഡിയം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. 2019 - 20 വാർഷിക പദ്ധതിയിൽ 11 -ാം വാർഡിൽ പഞ്ചായത്തിന് സ്വന്തമായുള്ള 20 സെന്റ് ഭൂമിയിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ 35.60 ലക്ഷം രൂപ ഭരണസമിതി വകയിരുത്തി. ജില്ലാ പ്ലാനിംഗ് സമിതി പദ്ധതിക്ക് അംഗീകാരവും നൽകി. എന്നാൽ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി എൽ.എസ്.ജി.ഡി ടെക്‌നിക്കൽ എക്‌സിക്യൂട്ടീവ് എൻജിനിയർ പദ്ധതിക്ക് അനുമതി നൽകിയില്ലെന്നാണ് ആരോപണം. പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ഭരണസമിതിയുടെ ഇടപെടൽ ഫലപ്രദമല്ലെന്നും അദ്ദേഹം ആരോപിച്ചു.