സംസ്ഥാനത്ത് എൻജിനിയറിംഗ് കോഴ്സുകൾക്കുള്ള ഈ വർഷത്തെ പ്രവേശന പരീക്ഷ എൻ.സി.ഇ.ആർ.ടിയുടെ ഏറ്റവും പുതിയ സിലബസിന്റെ അടിസ്ഥാനത്തിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രിലിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ പുതിയ സിലബസ് ഇതുവരെ പുറത്തു വന്നിട്ടില്ല. പ്രോസ്‌പെക്ടസിൽ വിവരങ്ങളുണ്ടാകുമത്രെ. പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന പതിനായിരക്കണക്കിന് കുട്ടികളിൽ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ടു പുറത്തുവിട്ട വിവരങ്ങൾ. പരീക്ഷയ്ക്കു മൂന്നുമാസം മാത്രമുള്ളപ്പോൾ സിലബസ് പരിഷ്‌കാരത്തെക്കുറിച്ച് പറയുന്നത് ദ്രോഹമാണ്. നിലവിലുള്ള സിലബസിൽ രണ്ടുവർഷമായി പരിശീലനം നടത്തിവരുന്ന കുട്ടികളിൽ ആശങ്ക സൃഷ്ടിക്കുന്ന നടപടിയാണിത്. സിലബസ് മാറ്റം അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ പ്രയോഗത്തിൽ വന്നാലേ അതുമായി പൊരുത്തപ്പെടാൻ കഴിയൂ. ഉന്നതവിദ്യാഭ്യാസ രംഗത്തെ പല പരിഷ്കാരങ്ങളും ഇതുപോലെ ദീർഘവീക്ഷണമില്ലാതെയാണ് ഇവിടെ നടപ്പിലാക്കുന്നത്. പ്രവേശന പരീക്ഷയ്ക്കു തൊട്ടു മുൻപ് സിലബസ് പരിഷ്കരണവുമായി വരുന്നത് കുട്ടികൾക്കുമാത്രമല്ല അദ്ധ്യാപകർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലാത്തവരാണോ ഇതിനൊക്കെ നേതൃത്വം വഹിക്കുന്നത്.
ഇതുപോലെ ബി.ടെക്കിന് സർക്കാർ - എയ്ഡഡ് - സർക്കാർ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ പാവപ്പെട്ട കുട്ടികൾക്കായി പത്തുശതമാനം സീറ്റുകൾ മാറ്റിവയ്ക്കാൻ വേണ്ടി അത്രയും സീറ്റുകൾ പുതുതായി സൃഷ്ടിക്കാൻ പോവുകയാണ്. സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ ഈ വിഭാഗം കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാൻ അവസരമില്ലെന്നതു പരിഗണിച്ചാണ് ഇത്. സംഗതി യാഥാർത്ഥ്യമാണെങ്കിലും സംസ്ഥാനത്തെ എൻജിനിയറിംഗ് സീറ്റുകളിൽ നേർപകുതി ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിൽ പത്തു ശതമാനം സീറ്റ് വർദ്ധിപ്പിക്കാനുള്ള തീരുമാനം എങ്ങനെ സാധൂകരിക്കാനാകുമെന്ന ചോദ്യം പ്രസക്തമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വാശ്രയ കോളേജുകളിൽ നിശ്ചിത സീറ്റുകൾ നൽകിക്കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നിരിക്കെ സർക്കാർ - എയ്ഡഡ് മേഖലയിൽ സീറ്റ് വർദ്ധിപ്പിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കണം. സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടുന്ന പാവപ്പെട്ട കുട്ടികളുടെ ഫീസ് സ്കോളർഷിപ്പായി സർക്കാരിന് നൽകാവുന്നതാണ്. ആവശ്യത്തിന് കുട്ടികളെ ലഭിക്കാതെ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കോളേജുകൾക്ക് അത് അനുഗ്രഹമാവുകയും ചെയ്യും. സർക്കാർ - എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിൽപ്പോലും കഴിഞ്ഞവർഷം സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. മികച്ച നിലവാരം പുലർത്തുന്ന കോളേജുകൾക്ക് പ്രതിസന്ധിയൊന്നുമില്ല. പഠന സൗകര്യങ്ങളും ഫാക്കൽറ്റി കുറവുമുള്ള കോളേജുകളുടെ കാര്യം അങ്ങനെയല്ല. സ്വാശ്രയ മേഖലയിലാണെങ്കിൽ സ്ഥിതി അതീവ ഗുരുതരമായ നിലയിൽ എത്തിയിട്ടുമുണ്ട്. കുട്ടികൾ ഇല്ലാത്തതുകാരണം പല കോളേജുകളും പൂട്ടുവീഴുന്നതും കാത്തിരിക്കുകയാണ്. വിജയശതമാനത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന കോളേജുകളെ കുട്ടികൾ പൂർണമായും തഴയാൻ തുടങ്ങിയതോടെ അവയുടെ നിലനില്‌പ് വലിയ പ്രതിസന്ധിയിലാണ്.
കോളേജുകൾക്ക് അവയുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് നൽകുന്നുണ്ട്. സ്വാശ്രയ കോളേജുകൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കാനുള്ള തീരുമാനം എൻജിനിയറിംഗ് പഠന നിലവാരം ഉയർത്താൻ സഹായിക്കും. ആറുവർഷമായ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകൾക്ക് അക്രഡിറ്റേഷൻ ഉണ്ടെങ്കിലേ പുതിയ കോഴ്സുകൾ അനുവദിക്കൂ എന്ന വ്യവസ്ഥയും വരാൻ പോവുകയാണ്. പുതിയ നിബന്ധനകൾ പല കോളേജുകളുടെയും ഭാവിയെ ബാധിക്കുമെങ്കിലും എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ ഗുണം ചെയ്യുന്ന തീരുമാനമാണിത്. എൻജിനിയറിംഗ് പഠന നിലവാരം അടിക്കടി ഇടിയുന്നതിൽ പരക്കെ ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണ് നല്ല ചില മാറ്റത്തിന്റെ സൂചനകൾ വരുന്നത്. സാങ്കേതിക സ്ഥാപനങ്ങളുടെ വളർച്ചയും ഉന്നതിയും ലക്ഷ്യമിട്ടാണ് പ്രത്യേകം സർവകലാശാല തന്നെ ആരംഭിച്ചത്. സർവകലാശാല വന്നിട്ടും നേരെ ചൊവ്വേ പരീക്ഷകൾ പോലും നടക്കുന്നില്ലെന്ന ആക്ഷേപമാണ് നിലനിൽക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡിയോഗം എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപക നിയമനങ്ങളിൽ പ്രായപരിധി ഉപേക്ഷിക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണ്. സ്വാശ്രയ കോളേജുകൾ പലതും വേണ്ടത്ര അദ്ധ്യാപകരില്ലാതെയാണ് പ്രവർത്തിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ എൻജിനിയറിംഗ് കോഴ്സുകളിൽ വിപുലമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. അനേകം പുതിയ ശാഖകൾ ഓരോ വർഷവും ചേർക്കപ്പെടുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക എൻജിനിയറിംഗ് കോളേജുകളും പഴയ ചാലുകളിലൂടെ മാത്രം ഓടുന്നവയാണ്. തൊഴിൽ സാദ്ധ്യതകൾ വിലയിരുത്താതെ പഴഞ്ചൻ കോഴ്സുകളും സിലബസുമായി മുന്നോട്ടു പോകുന്ന ഈ കോളേജുകൾ കുട്ടികളെ നേരായ വഴിക്കല്ല നയിക്കുന്നതെന്ന് ഖേദപൂർവം പറയേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു തന്നെയാണ് അതിന്റെ ഉത്തരവാദിത്വം.