കിളിമാനൂർ: കിളിമാനൂർ ഗവ. എച്ച്.എസ്.എസിന് സമീപമുള്ള ഒരേക്കറോളം കാടുപിടിച്ചു കിടന്ന പുരയിടം ശുചീകരിച്ചു. കിളിമാനൂർ പഞ്ചായത്ത്, എക്സൈസ് തൊഴിലുറപ്പ് തൊഴിലാളികൾ,സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ശുചീകരണം. സ്കൂൾ മതിലിനോടു ചേർന്ന് വർഷങ്ങളായി കാടുപിടിച്ചു കിടക്കുകയായിരുന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കുറെ നാളായി സാമൂഹ്യ വിരുദ്ധ ശല്യവും മദ്യപാനവും സജീവമായിരുന്നു. സ്കൂളിനോട് ചേർന്നുള്ള പ്രദേശത്തെ ഇത്തരം പ്രവണതകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പഞ്ചായത്തും എക്സൈസും രംഗത്തെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, വാർഡ് അംഗം ബീനാ വേണു ഗോപാൽ, എക്സൈസ് ഇൻസ്പെക്ടർ മനോജ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ അജയകുമാർ, എക്സൈസ് സിവിൽ ഓഫീസർമാരായ ജയകുമാർ, റോബിൻ, ചന്ദു, ഉണ്ണിക്കൃഷ്ണൻ, ലിജി എന്നിവർ പങ്കെടുത്തു.