jan22a

ആ​റ്റിങ്ങൽ: ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തോട് ചേർന്നു കിടക്കുന്ന പ്രദേശമായ രവിവർമ്മ ലെയ്നിലേയ്ക്കുള്ള രവിവർമ്മ റോഡ് ടാറും മെ​റ്റലുമിളകി കുഴികൾ നിറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നു കഴിയുന്നു. നഗരസഭയിലെ പ്രധാന ഇടറോഡായിട്ടും ധാരാളം വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന വഴിയായിട്ടും റോഡ് നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ആറ്റിങ്ങലിൽ ഒരു ബൈപാസുപോലെ പ്രവർത്തിക്കുന്ന ഈ റോഡിന്റെ അവസ്ഥ ഏറെ ദുരിതമാണ്. പലയിടത്തും ടാർ കാണാനില്ല. കൂടാതെ കുഴികൾ നിറയെ രൂപപ്പെട്ടിരിക്കുകയാണ്. ബൈക്ക് യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. നാനൂറ് മീ​റ്ററിനകത്ത് ദൈർഘ്യമുള്ളതാണ് ഈ റോഡ്. അയിലം റോഡിനെയും വാട്ടർസപ്ലൈ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിൽ നിന്ന് ഉള്ളിലേയ്ക്ക് തിരിഞ്ഞുപോകുന്ന മ​റ്റ് ഇട റോഡുകളുമുണ്ട്. മൂന്നുമുക്കിൽ നിന്ന് എളുപ്പം കിഴക്കേ നാലുമുക്കിൽ എത്താവുന്ന ഒരു ബൈ റോഡാണിത്. മൂന്നു മുക്കിൽ നിന്നും തിരക്കില്ലാതെ ഈ റോഡുവഴി വേണമെങ്കിൽ ബോയിസ് എച്ച്.എസ്.എസിനു പിറകിലുള്ള റോഡിലൂടെ കരിച്ചിയിൽ വഴി കച്ചേരി ജംഗ്ഷനിൽ എത്തിച്ചേരാനുമാകും. നഗരത്തിലെ തിരക്കിൽ പെടാതെ രക്ഷപ്പെട്ട് ദേശീയപാതയിലെ പ്രശ്ന മേഖല തരണം ചെയ്യുന്നതിന് നാട്ടുകാർ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. ധാരാളം സ്‌കൂൾബസുകളും ഈ റോഡിലൂടെയാണ് കുരുക്കിൽ പെടാതിരിക്കാൻ സഞ്ചരിക്കുന്നത്. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി വന്നു പോകുന്നത്.