ആറ്റിങ്ങൽ: പണി പൂർത്തിയായി ഉദ്ഘാടനം കാത്തിരുന്ന തെരുവുവിളക്കുകളുടെ പോസ്റ്റ് ടൂറിസ്റ്റ് ബസ് ഇടിച്ചു തകർത്തു. ആറ്റിങ്ങൽ നഗരസഭയിലെ മാമം എസ്.ബി.ഐക്ക് സമീപം കഴിഞ്ഞദിവസം രാവിലെ അഞ്ചര മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും വഴിയാത്രക്കാരും ഇതുകണ്ട് ബഹളം വെച്ചതിനെ തുടർന്ന് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. പഴയ കരാറുകാരന്റെ കാലാവധി കഴിഞ്ഞ് പുതിയ കരാറുകാരൻ പണികൾ വേഗത്തിൽ പൂർത്തിയാക്കി വരവേയാണ് അപകടം നടന്നത്. ആറ്റിങ്ങൽ ദേശീയപാതയുടെ ഭംഗി വർദ്ധിപ്പിക്കുന്നതരത്തിലാണ് എൽ.ഇ.ഡി. തെരുവു വിളക്കുകൾ ക്രമീകരിച്ചു വന്നത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ ആറ്റിങ്ങൽ നഗരസഭ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.
ഫോട്ടോ. സ്വകാര്യ ബസ് ഇടിച്ചു തകർത്ത തെരുവു വിളക്ക്കാൽ