arif

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരായ വികാരമടക്കം കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതിയാണ് കരട് തയ്യാറാക്കിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അന്തസത്ത നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യം അതേനിലയിൽ ഉൾപ്പെടുത്തിയതായി സൂചനയില്ല.

പ്രളയാനന്തര ധനസഹായം നൽകുന്നതിലടക്കം കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാട്ടുന്ന അവഗണന രാഷ്ട്രീയ വിമർശനമായി പ്രസംഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.പൗരത്വഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്ന ഗവർണർ നയപ്രഖ്യാപനത്തിൽ സ്വീകരിക്കുന്ന സമീപനം എന്താവുമെന്നതും മന്ത്രിസഭായോഗത്തിൽ ചർച്ചയായി. നിയമസഭ പ്രമേയം പാസാക്കിയതിനെ തുറന്നെതിർക്കുകയും പൗരത്വഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപിക്കുകയും ചെയ്ത ഗവർണർ, കരട് പ്രസംഗം തിരിച്ചയച്ചേക്കുമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. ഗവർണർ മടക്കിയാലും രണ്ടാമത് സർക്കാർ അയച്ചാൽ അദ്ദേഹത്തിന് അംഗീകരിക്കാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നയപ്രഖ്യാപനം വായിക്കുകയെന്ന ഭരണഘടനാബാദ്ധ്യത ഗവർണർക്ക് നിറവേറ്റാതിരിക്കാനാവില്ല. വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാനിടയുണ്ട്. മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാമെന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു.

സാങ്കേതികപ്പിഴവുകൾ പരമാവധി പരിഹരിച്ചുള്ള കരട് പ്രസംഗത്തിൽ രാഷ്ട്രീയമായ വിയോജിപ്പ് ഗവർണർ പ്രകടിപ്പിക്കാനുള്ള സാദ്ധ്യതയാണ് സർക്കാർ കാണുന്നത്. അത്തരം കാര്യങ്ങൾ തിരുത്താനാവശ്യപ്പെട്ട് ഗവർണർ മടക്കിയാലും തിരുത്താൻ സർക്കാർ തയ്യാറായേക്കില്ല.