jeevani

വെഞ്ഞാറമൂട്: ജീവനി പദ്ധതിയിലൂടെ സ്റ്റേഷൻ വളപ്പിൽ പച്ചക്കറിത്തോട്ടം ഒരുക്കാൻ വെഞ്ഞാറമൂട് ജനമൈത്രി പൊലീസും. പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വിഷ മുക്ത പച്ചക്കറി സ്വന്തം കൃഷിയിടങ്ങളിൽ ഉത്പാദിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുവാനുള്ള ലക്ഷ്യത്തോടെ കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ജീവനി. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ ബി. ജയന്റെ താത്പര്യ പ്രകാരം നെല്ലനാട് പുല്ലമ്പാറ മാണിക്കൽ കൃഷി ഓഫീസർമാരുമായി നടത്തിയ ചർച്ചയെ തുടർന്ന് സ്റ്റേഷൻ വളപ്പിൽ തിരശായ കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കാൻ തീരുമാനമായി. കൃഷിയെ പ്രോത്സാഹിപ്പിക്കുവാനും ജനങ്ങൾക്ക് കൃഷിയോട് താത്പര്യമുണ്ടാക്കി എടുക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ഇൻസ്പക്ടർ ബി.ജയൻ നിർവഹിച്ചു. നെല്ലനാട് കൃഷി ഓഫീസർ സുമാ റോസ് സുന്ദരൻ, പുല്ലമ്പാറ കൃഷി ഓഫീസർ യമുന, മാണിക്കൽ ക്യഷി ഓഫീസർ പമീല വിമൽരാജ്, ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, സബ് ഇൻസ്പക്ടർ മധുകുമാർ, നെല്ലനാട് അസി. കൃഷി ഓഫീസർ എസ്.കെ. പ്രശാന്ത് എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ഇൻസ്പക്ടർ ബി. ജയൻ മാണിക്കൽ കൃഷി ഓഫീസറിൽ നിന്ന് ഔഷധ തൈ ഏറ്റുവാങ്ങുന്നു. കൃഷി ഓഫീസർമാരായ യമുന, സുമാ റോസ് സുന്ദരൻ എന്നിവർ സമീപം