jan22d

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ 'നൊസ്റ്റാൾജിയ'യുടെ നേതൃത്വത്തിൽ 1975 മുതലുള്ള ബാച്ചിന്റെ സംഗമം സംഘടിപ്പിച്ചു. 1975 ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ഹക്കിം മുട്ടുകാലിൽ നടന്നും 1998 പ്രീഡിഗ്രി ബാച്ചിലെ വിദ്യാർത്ഥി പ്രീത വീൽ ചെയറിലും ചടങ്ങിനെത്തിയത് മറ്റ് വിദ്യാർത്ഥികളിൽ ആവേശം നിറച്ചു. തങ്ങളുടെ പഴയ കുട്ടികളുടെ പേരെടുത്തു വിളിച്ചും അവരുടെ സുഖവിവരങ്ങളും ജീവിതവിശേഷങ്ങളും അന്വേഷിച്ചും ഉന്നത നിലയിലെത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചും പൂർവ അദ്ധ്യാപകരും കൂട്ടായ്മയിൽ താരങ്ങളായി. എല്ലാ വർ‌ഷവും ജനുവരി 26ന് കണ്ടുമുട്ടാം എന്ന ഉറപ്പോടു കൂടിയാണ് വിദ്യാർത്ഥി സംഗമം അവസാനിച്ചത്.

രാവിലെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും നൊസ്റ്റാൾജിയയുടെ ജനറൽ ബോഡി യോഗവും പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അദ്ധ്യാപകൻ പ്രൊഫ. ഇ.എ. മജീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. കെ. ലളിത, ​ അഡ്വ. സി.ജെ. രാജേഷ് കുമാർ, പ്രിൻസ് രാജ്, എച്ച്‌. നാസിം, എസ്. സാജൻ, ഡോ. എൻ‍. രാജേന്ദ്രൻ, ഡോ. എസ്. സതീഷ് കുമാർ, പ്രൊഫ. എൻ. അരവിന്ദാക്ഷൻ, പ്രൊഫ. ഡിക്രൂസ്, അജിതൻ, അയിലം ചന്ദ്രബാബു, അജിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്. പ്രവീൺചന്ദ്ര സ്വാഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു. നൊസ്റ്റാൾജിയയുടെ പുതിയ ഭാരവാഹികളായി എച്ച്. നാസിം (പ്രസിഡന്റ്‌ ), എസ്. പ്രവീൺ ചന്ദ്ര (സെക്രട്ടറി ), എസ്. സാജൻ (ട്രേഷറർ ),​ വിജയൻ പാലാഴി ( സുവനീർ കമ്മിറ്റി ചെയർമാൻ)​,​ തേമ്പാംമൂട് സഹദേവൻ (സുവനീർ കമ്മിറ്റി കൺവീനർ) ​എന്നിവരെ തിരഞ്ഞെടുത്തു.