വെള്ളറട: വെള്ളറടയിൽ ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് രണ്ട് പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് കൊണ്ടുവന്നത്. പന്നിമല വാർഡിലെ പ്ലാങ്കുടിക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതിയും വെള്ളറട വാർഡിലെ ചിറത്തലയ്ക്കൽ കുളം നവീകരണവും. പദ്ധതികൾ ആരംഭിച്ച് ഫണ്ടും അനുവദിച്ച് പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി. പക്ഷേ, പദ്ധതി പ്രാരംഭത്തിൽ തന്നെ മുടങ്ങി. പ്രകൃതി സൗന്ദര്യം കോർത്തിണക്കി വിഭാവനം ചെയ്ത രണ്ട് പദ്ധതികളും പഞ്ചായത്തിന് വരുമാനവും തൊഴിൽ സാധ്യതയും വർദ്ധിക്കുമെന്നായിരുന്നു പഞ്ചായത്തിന്റെ കരുതൽ. എന്നാൽ പദ്ധതി പാതിവഴിയിൽ മുടങ്ങിയതോടെ ആ പ്രതീക്ഷയും നഷ്ടമായി. സഹ്യപർവത അടിവാരത്തെ കൂനിച്ചി, കൊണ്ടകെട്ടി കുരിശുമല, കാളിമല തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഇവിടെയാണ് പ്ളാങ്കുടുക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതി തുടങ്ങിയത്. മല മുകളിൽ കയറിയാൽ കിലോമീറ്ററുകൾ ദൂരമുള്ള ഗ്രാമകാഴ്ചകൾ വീക്ഷിക്കാൻ കഴിയും. ഇത് കണക്കിലെടുത്ത് പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെ മലയോരപഞ്ചായത്തിൽ ടൂറിസത്തിലൂടെ തൊഴിൽ സാധ്യതകൾ കൂടെ കണക്കിലെടുത്താണ് പണികൾ തുടങ്ങുന്നത്. ആദ്യം ടൂറിസ്റ്റുകൾക്ക് വെയിൽ ഏൽക്കാതെ ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും ചെറു കുടിലുകളും നിർമ്മിക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്ളാങ്കുടിക്കാവിൽ ഇരുപ്പിടങ്ങളുടെ പണി തുടങ്ങിയിരുന്നു.

പ്ലാങ്കുടിക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതിക്കുവേണ്ടി ഇരുപത് ലക്ഷം രൂപയും മാറ്റിവച്ചു. നിർമ്മാണ ജോലികളും തുടങ്ങി. ഇവിടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി പേർ എത്തുമെന്നും ഇതിലൂടെ പഞ്ചായത്തിൽ ടൂറിസം വികസനം സാധ്യമാക്കാനുമാണ് ലക്ഷ്യമിട്ടത്. എന്നാൽ സർക്കാരിന്റെ റവന്യൂ ഭൂമിയിൽ മുൻകൂട്ടി അനുവാദം വാങ്ങാതെ പദ്ധതി തുടങ്ങിയത്. പദ്ധതി തുടങ്ങിയ സ്ഥലം സർക്കാർ സ്വകാര്യ വ്യക്തിക്ക് ലീസിന് കൊടുത്തിരുന്നു. എന്നാൽ ഇതുപോലും മാസങ്ങൾ പിന്നിട്ടിറ്റും റദ്ദാക്കാൻ കഴിഞ്ഞിട്ടില്ല. ഇതു കാരണം ടൂറിസം പദ്ധതിക്കുവേണ്ടി ഇനിയും കാത്തിരിക്കേണ്ടിവരും.

രണ്ടേക്കറോളം വിസ്തീർണമുള്ള വെള്ളറട വാർഡിലെ ചിറത്തലയ്ക്കൽ കുളം നവീകരിച്ച് ഫെഡൽ ബോട്ട് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി ഗ്രാമപഞ്ചായത്ത് 38 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി നീക്കിവച്ചത്. എന്നാൽ കുളത്തിലെ രണ്ട്‌വശം സൈഡ് വാൾ കെട്ടി കുളത്തിലെ ചെളി കോരിയതോടെ നീക്കിവച്ചിരുന്ന ഫണ്ട് തീർന്നു. ഫെഡൽ ടൂറിസവും പകുതി വഴിയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ടൂറിസം പദ്ധതി അവിടെയും പാളി.