kummanam

തിരുവനന്തപുരം: അലറിക്കരഞ്ഞ കലങ്ങിയ കണ്ണുകൾ നെഞ്ച് പൊട്ടുന്ന സങ്കടക്കടലുമായി അയ്യൻകോയിക്കലിൽ കാത്തിരിക്കുകയാണ്.

തങ്ങളുടെ പ്രിയപ്പെട്ടവർ മടക്കമില്ലാത്ത യാത്രയിലാണെന്ന് വിശ്വസിക്കാൻ പാടുപെടുന്ന ഇവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് വിങ്ങിപ്പൊട്ടുന്ന ചേങ്കോട്ടുകോണം നിവാസികൾക്കുമറിയില്ല.

വിനോദയാത്രയ്‌ക്കിടെ നോപ്പാളിലെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച ശ്രീകാര്യം, ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ ലൈൻ എ-59 രോഹിണി ഭവനിൽ പ്രവീൺ കൃഷ്ണൻനായർ (39), ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (8), ആർച്ച (6), അഭിനവ് (5) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമ്പോൾ വേണ്ട ക്രമീകരണങ്ങളെല്ലാം വീട്ടുമുറ്റത്തൊരുക്കി കാത്തിരിക്കുകയാണ് നാട്ടുകാർ. കളിചിരിയുമായി റ്റാറ്റാ പറഞ്ഞിറങ്ങിയ കൊച്ചുമക്കളുടെ മുഖം ഇപ്പോഴും അയൽക്കാരുടെ മനസിലുണ്ട്. 'രോഹിണി"യിൽ ഇന്നലെ രാവിലെ മുതൽ അനുശോചനം അറിയിക്കാനെത്തുന്നവരുടെ തിരക്കായിരുന്നു. ദുരന്ത വാർത്തയറിഞ്ഞ് വന്നവരെല്ലാം ഒരല്പം മടിച്ചാണ് വീട്ടിലേക്ക് കയറിയത്. കരഞ്ഞു തളർന്നുറങ്ങുന്ന പ്രവീണിന്റെ മാതാപിതാക്കളായ സി.കൃഷ്ണൻനായരെയും പ്രസന്നയെയും എങ്ങനെ കാണും എന്നതായിരുന്നു ഇവരെ കുഴക്കിയത്.

ബന്ധുക്കളെത്തുമ്പോൾ പ്രവീണിന്റെ മാതാവ് പ്രസന്നയും സഹോദരി പ്രസീതയും വിങ്ങിപ്പൊട്ടുകയാണ്. പ്രായാധിക്യവും തീരാനൊമ്പരവും കൂടിയായപ്പോൾ കൃഷ്ണൻ നായർക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത നിലയിലായി. അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും ഇവരുടെ മുറിയിൽ കയറാതിരിക്കാൻ നാട്ടുകാരടക്കമുള്ളവർ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ തങ്ങളെ കാണാൻ രാഷ്ട്രീയ നേതാക്കന്മാരും മറ്റും വരുമ്പോൾ കൃഷ്ണൻനായരും പ്രസന്നയും വിങ്ങിപ്പൊട്ടും. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഡോക്ടർമാരടങ്ങുന്ന സംഘത്തെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ കുമ്മനം രാജശേഖരൻ, എൻ. പീതാംബരക്കുറുപ്പ് എന്നിവർ വീട്ടിലെത്തിയിരുന്നു.