ആ​റ്റിങ്ങൽ: ആ​റ്റിങ്ങൽ കൊല്ലമ്പുഴ തിരുവാറാട്ടുകാവിലെ അരിയിട്ട്‌വാഴ്ച ചടങ്ങ് ഇന്ന്​ വൈകിട്ട് നടക്കും. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നാടിന്റെ കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട ഈ ആചാരം തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. മകരം ഒന്നുമുതൽ 10 വരെയാണ് അരിയിട്ടുവാഴ്ചാച്ചടങ്ങുകൾ. പത്ത് ദിവസവും ക്ഷേത്രത്തിനുള്ളിൽ കളമെഴുത്തുംപാട്ടും നടക്കും. ദേവിയുടെ പത്ത് ഭാവങ്ങളാണ് ചിത്രത്തിലെഴുതി വർണിച്ച് പാടുന്നത്. ഒമ്പതാംദിവസം വൈകിട്ട് നടക്കുന്ന ശീവേലിയെഴുന്നള്ളത്തിന്റെ ഒടുവിലത്തെ പ്രദക്ഷിണമെത്തുമ്പോൾ രാജസ്ഥാനീയൻ ഉടവാളേന്തി അനുഗമിക്കും. പദ്മനാഭസ്വാക്ഷേത്രത്തിനു പുറമേ തിരുവിതാംകൂർ രാജസ്ഥാനീയൻ ഉടവാളേന്തിയെത്തുന്ന ചടങ്ങെന്ന പ്രത്യകതയും അരിയിട്ടുവാഴ്ചയ്ക്കുണ്ട്. കളത്തിൽ കൊളുത്തിവച്ച നിലവിളക്കിനുമുന്നിൽ തണ്ഡുല പൂജകൾക്കൊടുവിൽ മകരക്കൊയ്ത്തിലെ പുന്നെല്ലരി നേദിക്കും. തുടർന്ന് ഈ അരി ദേവീവിഗ്രഹത്തിൽ അഭിഷേകം ചെയ്യും. വിഗ്രഹത്തിലൂടെ നിലത്ത് വീഴുന്ന അരി രാജസ്ഥാനീയന്റെ ശിരസിൽ അഭിഷേകം ചെയ്ത് തന്ത്റി പ്രസാദം നൽകുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. വെള്ളിയാഴ്ച വലിയവിളക്കോടെ ഈ വർഷത്തെ അരിയിട്ടുവാഴ്ചാച്ചടങ്ങുകൾ അവസാനിക്കും. തന്ത്റി കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാട് പൂജകൾക്ക് നേതൃത്വം നൽകും.