വെമ്പായം: അമിത ജോലി ഭാരത്താൽ വീർപ്പുമുട്ടുകയാണ് അങ്കണവാടി ടീച്ചർമാർ. സർക്കാരുകളുടെ ഏത് പദ്ധതി വന്നാലും അതിൽ ഭൂരിഭാഗവും നിർവഹിക്കേണ്ട ചുമതല ഇവർക്കാണന്നാണ് സംസാരം. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ വരുന്ന അങ്കണവാടികളുടെ പ്രവർത്തനം ഒരു അദ്ധ്യാപികയും ഒരു ഹെൽപ്പറും ചേർന്നാണ് നിർവഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിൽ പങ്കെടുക്കേണ്ടി വരുന്നതിനാൽ പലപ്പോഴും അങ്കണവാടികളുടെ പ്രവർത്തനം അവതാളത്തിലാവുകയാണ് പതിവ്. രാവിടെ 10 മുതൽ 2 വരെയാണ് അങ്കണവാടികളുടെ പ്രവർത്തനം. അതിന് ശേഷമാണ് മറ്റ് ജോലികൾ നിർവഹിക്കേണ്ടത്. ഫീൽഡ് സർവേ നടത്തുന്നതിനായി നിശ്ചയിച്ചിട്ടുള്ള സമയം മൂന്ന് മുതൽ നാലര വരെയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വിവരശേഖരണം ആരംഭിച്ചതോടെ ഗുണത്തേക്കാൾ ഏറെ ദോഷമാണന്നും സാങ്കേതിക തകരാറുമൂലം ഓരോ വീട്ടിലും മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരുന്നന്നും പാതിരായായാലും വീട്ടിലെത്താൻ കഴിയില്ലന്നും ഇവർ പറയുന്നു. പൗരത്വ ബിൽ വിഷയം കത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ കണക്കെടുപ്പിന് പോകുന്ന ജീവനക്കാർക്ക് ചിലയിടങ്ങളിൽ നിന്ന് അക്രമ ഭീഷണിയുമുണ്ട്. ആരോഗ്യ വകുപ്പിലെ ആശാ വർക്കർമാരെക്കൊണ്ട് ചെയ്യിപ്പിക്കാവുന്ന ജോലികളാണ് ഇവരെ കൊണ്ട് ചെയ്യിപ്പിക്കുന്നത് എന്ന ആക്ഷേപമാണുള്ളത്. ഇത്രയധികം ജോലി ചെയ്യുന്ന അങ്കണവാടി ടീച്ചർമാരുടെ പ്രശ്നപരിഹാരത്തിന് അധികൃതർ തയ്യാറാകണം എന്നാണ് ഇവരുടെ ആവശ്യം.