world-bank
world bank

തിരുവനന്തപുരം: പദ്ധതി ഫണ്ടിന് പുറമേ സംസ്ഥാനത്തെ നഗരസഭകൾക്ക് 1950 കോടിയുടെ ലോകബാങ്ക് വായ്പാസഹായം അനുവദിക്കുന്ന പദ്ധതിക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.

കേരള അർബൻ സർവീസ് ഡെലിവറി പ്രോജക്ട് എന്ന നിലയിലാണ് വായ്പാപദ്ധതി. സംസ്ഥാന വിഹിതമായ 835 കോടി രൂപ കൂടി ചേർത്ത് 2785 കോടിയുടേതാണ് മൊത്തം പദ്ധതി. രണ്ട് ശതമാനം പലിശനിരക്കിൽ 25 വർഷത്തെ കാലാവധിയിൽ 300 ദശലക്ഷം ഡോളർ (1950 കോടി രൂപ) വായ്പയായി അനുവദിക്കുന്നതിനുള്ള സന്നദ്ധത ലോകബാങ്ക് അറിയിച്ചു.

നഗരങ്ങൾ നേരിടുന്ന മാലിന്യസംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനും സിവറേജ്, സെപ്‌റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുമാണ് അർബൻ സർവീസ് ഡെലിവറി പ്രോജക്ട്.നേരത്തേ, ഗ്രാമപഞ്ചായത്തുകൾക്ക് ലോകബാങ്ക് സഹായം അനുവദിക്കുന്ന കേരള ലോക്കൽ സെൽഫ് ഗവണ്മെന്റ് സർവീസ് ഡെലിവറി പ്രോജക്ട് ഉണ്ടായിരുന്നു. 1100 കോടി രൂപയുടേതായിരുന്നു പദ്ധതി. തദ്ദേശമിത്രമെന്ന പേരിലുള്ള പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോഴാണ് ലോകബാങ്ക് നഗരസഭകൾക്കുള്ള പുതിയ പദ്ധതി അവതരിപ്പിച്ചത്.

കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ നഗരസ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളെ കൂടി പദ്ധതിയിലുൾപ്പെടുത്തണമെന്ന് സംസ്ഥാനസർക്കാർ അഭ്യർത്ഥിച്ചെങ്കിലും ലോകബാങ്ക് അംഗീകരിച്ചില്ല. ഒന്നര വർഷം മുമ്പാണ് പദ്ധതി നിർദ്ദേശം വന്നതെങ്കിലും ഗ്രാമപഞ്ചായത്തുകൾക്ക് കൂടി അനുവദിപ്പിച്ചു കിട്ടാനായി കേരളം നടത്തിയ നീക്കങ്ങൾ കാരണം ചർച്ചകൾ നീണ്ടതാണ് പദ്ധതി വൈകാൻ കാരണം.