തിരുവനന്തപുരം : കളിക്കൊഞ്ചലും കൗതുകവും മാറാതെ ഒരുമിച്ച് ഓടിക്കളിച്ചു നടന്ന മൂന്ന് കുരുന്നുകൾക്ക് ഇനി ഒരേ കുഴിയിൽ അന്ത്യനിദ്ര. ഇടവും വലവും ഇവർക്ക് കൂട്ടായി അച്ഛനും അമ്മയുമുണ്ടാകും.
നേപ്പാളിൽ വിനോദയാത്രക്കിടെ ഹോട്ടൽ മുറിയിൽ മരണമടഞ്ഞ പ്രവീൺ -ശരണ്യ ദമ്പതിമാരുടെ മക്കളായ ശ്രീഭദ്ര ,ആർച്ച , അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് ചേങ്കോട്ടുകോണം അയ്യൻകോയിക്കലിലെ വീടിനോട് ചേർന്ന് തയ്യാറാക്കിയ ഒരേ കുഴിയിൽ സംസ്കരിക്കുന്നത്. മൂന്നു കുട്ടികൾക്കുമായി മൂന്ന് കുഴി വേണ്ടെന്നും ഒരു കുഴിയിൽ ഒരുമിച്ച് സംസ്‌കരിച്ചാൽ മതിയെന്നും ബന്ധുക്കൾ തീരുമാനിക്കുകയിരുന്നു. 8 അടി നീളവും 6 അടി വീതിയുമുള്ള കുഴിയാണ് തയ്യാറാക്കുന്നത്. ഇതിന് ഇരുഭാഗത്തുമായാണ് പ്രവീണിനും ഭാര്യ ശരണ്യയ്ക്കും ചിതയൊരുക്കുന്ന . ഇന്നലെ രാത്രിയോടെ കുഴി നിർമ്മിച്ചുതുടങ്ങി. ഹിന്ദുമതാചാര പ്രകാരം കുട്ടികളുടെ ശരീരം ദഹിപ്പിക്കാത്തതിനാൽ കുട്ടികളെ പെട്ടിയിലാകും സംസ്‌കരിക്കുക . പ്രവീണിനെയും ശരണ്യയെയും ചിതയൊരുക്കി സംസ്കരിക്കും. വീടിന്റെ വലതുഭാഗത്തായി തെക്കുവടക്കായാണ് കുഴികൾ നിർമ്മിച്ചത്. പ്രവീണിന്റെ മുത്തച്ഛൻ ചെല്ലപ്പൻപിള്ളയുടെയും മുത്തശി ദേവകി അമ്മയുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചതിന് സമീപത്താണ് അഞ്ചുപേർക്കും അന്ത്യനിദ്ര.