ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ തേമ്പാമുട്ടം തുമ്പോട് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് രണ്ട് വർഷത്തോളമായി. ജനങ്ങളുടെ യാത്രാ ദുരിതത്തിനും പരാതികൾക്കും ഒടുവിൽ ദിവസങ്ങൾക്ക് മുമ്പാണ് റോഡിന്റെ പുന:രുദ്ധാരണജോലികൾ ആരംഭിച്ചത്. വയൽക്കരക്ക് ചേർന്നുള്ള ഇടറോഡായതിനാൽ കുറച്ച് ഭാഗമാണ് ടാറിട്ടത്. ബാക്കി ഭാഗം കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാനും പദ്ധയിട്ടു. ഇതിനിടെ കരാറുകാരൻ ആലുവിള ഭാഗത്ത് ഓടയുടെ പണികൾ പൂർത്തീകരിക്കാൻ തുമ്പോട് റോഡിലെ പണികൾ നിറുത്തിവച്ചു. എന്നാൽ ടാറിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പണികൾ പുന:രാരംഭിക്കാൻ കരാറുകാരൻ എത്താത്തതിനെ തുടർന്ന് കോൺക്രീറ്റ് ചെയ്യാത്ത സ്ഥലങ്ങൾ വീണ്ടും വെള്ളക്കെട്ടായിമാറി. ഒരു വാഹനവും കടന്നുപോകാൻ കഴിയാത്ത വിധം റോഡ് ചെളിക്കെട്ടായിമാറിയിരിക്കുകയാണ്. ഒപ്പം കാൽനടയാത്രക്കാരും യാത്രാപ്രതിസന്ധി നേരിടുകയാണ്. എത്രയും പെട്ടന്ന് റോഡിന്റെ പണികൾ പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂന്ന് വർഷം മുന്നേ തേമ്പാമുട്ടം- തുമ്പോട് റോഡ് ടാറിട്ടപ്പോൾ സമീപത്തെ വയലിൽ നിന്നുള്ള ഊറ്റ് കാരണം റോഡ് തകർന്നിരുന്നു. ഇതോടെ ബ്ലോക്ക് –ജില്ലാ പഞ്ചായത്തുകൾ അനുവദിച്ച 15 ലക്ഷം രൂപ ചെലവാക്കി തുമ്പോട് റോഡിൽ അമ്പത് മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്തു. എന്നാൽ തുമ്പോട് റോഡിൽ ട്രാൻസ്ഫോമർ ആരംഭിക്കുന്നിടം മുതൽ തേമ്പാമുട്ടം വരെ കോൺക്രീറ്റ് ചെയ്തതിൽ ഇടയ്ക്ക് പല സ്ഥലങ്ങളും നന്നാക്കിയിരുന്നില്ല. ഈസ്ഥലങ്ങൾ വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ട് യാത്രക്കാർക്ക് വെല്ലുവിളിയാകുകയാണ്.
പഞ്ചായത്ത് വാർഷിക ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് ടാറിട്ട റോഡിൽ ചില ഭാഗങ്ങളിൽ പണി പൂർത്തീകരിക്കാതെ ഒഴിവാക്കിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. പണികളിൽ അപാകത ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മിക്കയിടങ്ങളിലും പണികളിൽ കൃത്രിമം നടന്നതായി ചൂണ്ടിക്കാട്ടി ഫ്ലക്സും നാട്ടിയിരിക്കുകയാണ്.