നെടുമങ്ങാട്: ആഴ്ചകളായി മുടങ്ങിയ ജലവിതരണം ജനകീയ സമരത്തെ തുടർന്ന് പുനഃസ്ഥാപിച്ചു. ന
ഗരസഭയിലെ പൂവത്തൂർ മേഖലയിൽപ്പെട്ട മണക്കോടും അനുബന്ധ പ്രദേശങ്ങളുമാണ് വാട്ടർ അതോറിട്ടിയുടെ അപ്രതീക്ഷിത ജലവിതരണ തടസം മൂലം ദുരിതത്തിലായത്. പൈപ്പു വെള്ളം മാത്രമാണ് പ്രദേശവാസികളുടെ ആശ്രയം.
തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും വാട്ടർ അതോറിട്ടി അധികാരികളെ വിവരം അറിയിച്ചെങ്കിലും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. ശുദ്ധജലമില്ലാത്തതിനെ തുടർന്ന് സ്ഥലവാസികൾ സമീപത്തെ ബന്ധു വീടുകളിലേയ്ക്ക് താമസം മാറിയതോടെ സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി നെടുമങ്ങാട് എ.എക്സ്.ഇ ഓഫീസറെ ഉപരോധിച്ചു. മണിക്കൂറുകൾക്കകം ഉദ്യോഗസ്ഥർ കരാർ തൊഴിലാളികളുമായി എത്തി , തടസം നീക്കി ജലവിതരണം പുനഃസ്ഥാപിച്ചു. സി.പി.എം പൂവത്തൂർ ലോക്കൽ സെക്രട്ടറി എസ്.എസ് ബിജു, ബി.സുരേന്ദ്രൻ, കെ.എസ് ഉദയകുമാർ, ആർ.വി ബൈജു എന്നിവർ സമരത്തിന് നേതൃത്വം നൽകി.