secretariate
secretariate

തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും തസ്തികകൾ സൃഷ്ടിക്കുന്നതിന് നിയന്ത്രണമില്ലാതെ സർക്കാർ. കാര്യവട്ടം കേന്ദ്രമായുള്ള പുതിയ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന് (ഐസിഫോസ്) ഇന്നലെ അനുവദിച്ചത് 15 തസ്തികകളാണ്. ലക്ഷങ്ങൾ നൽകേണ്ട അസോസിയേറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ, ടെക്നിക്കൽ കോ-ഓർഡിനേറ്റർ ഉൾപ്പെടെയുള്ള തസ്തികകളാണിവ. ഈ ഘട്ടത്തിൽ ഇങ്ങനെ തസ്തികകൾ അനുവദിക്കുന്നതിനോട് ചില മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി സൂചനയുണ്ട്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ക്ലർക്കുമാരുടെ 44 താൽക്കാലിക തസ്തികകൾ സൃഷ്ടിക്കും. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പി.എസ്‌.സി എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ, സർക്കാരിനു നേരിട്ടു നിയമനം നടത്താനാണ് താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചതെന്നാണ് ആരോപണം.
ഇടുക്കി ജില്ലയിൽ പുതുതായി ആരംഭിച്ച ശാന്തൻപാറ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളജിൽ മൂന്ന് അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.
കേരഫെഡിന്റെ സ്റ്റാഫ് പാറ്റേൺ അംഗീകരിച്ചു. അംഗീകൃത തസ്തികകൾ മാത്രമേ സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്താൻ പാടുള്ളൂ .കെ.എസ്‌.ഐ.ഡി.സി ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ ശുപാർശകൾ 2014 ജൂലായ് ഒന്ന് മുതലുള്ള പ്രാബല്യത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.