മലയിൻകീഴ് : ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അമിത വേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തെറിച്ചുവീണ വീട്ടമ്മയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി ദാരുണാന്ത്യം.
ഇന്നലെ രാവിലെ 11.30 ഓടെ മലയിൻകീഴ് ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിലാണ് അപകടം. മച്ചേൽ കോവിലുവിള രാംനിവാസിൽ റിട്ട.എസ്.ഐ പ്രഭാകരൻനായരുടെ (പ്രസന്നൻ) ഭാര്യ രജനി രാജഗോപാലാണ് (50) മരിച്ചത്.
കാട്ടാക്കട നിന്ന് മലയിൻകീഴിലേക്ക് ബൈക്കിൽ വരികയായിരുന്നു പ്രഭാകരൻനായരും രജനിയും. ഇതേസമയം കാട്ടാക്കട നിന്നു തിരുവനന്തപുരത്തേക്കുള്ള ഓർഡിനറി ബസ് ഇവരുടെ ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്കിന്റെ ഹാൻഡിൽ ബസിൽ തട്ടി. ഇതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട്
പ്രഭാകരൻ നായർ റോഡിന് ഇടതുഭാഗത്തും രജനി ബസിന്റെ അടിയിലും വീണു. രജനിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി തത്ക്ഷണം മരിച്ചു. പ്രഭാകരൻനായർക്ക് കാലിനും വയറ്റിലും പരിക്കേറ്റ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ശാന്തികവാടത്തിൽ സംസ്കരിച്ചു. ഇവർക്ക് മക്കളില്ല.