kadakkal-abdulla

തിരുവനന്തപുരം: എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യവുമായുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതി ലൈഫിന് കൈത്താങ്ങായി കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുള്ള.ലൈഫിന്റെ മൂന്നാം ഘട്ടമായി കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഭൂമിയും വീടും ഇല്ലാത്ത വ്യക്തികൾക്ക് ഭവന സമുച്ചയം നിർമ്മിക്കുന്നതിന് കോട്ടപ്പുറം വാർഡിൽ തന്റെ പേരിലുള്ള ഒരു ഏക്കർ ഭൂമി ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു നൽകിയാണ് അബ്ദുള്ള മാതൃകയായത്. ഭൂമിയുടെ ആധാരം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കടയ്ക്കലിൽ 87 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് അബ്ദുള്ളയുടെ നല്ല മനസ് കൊണ്ട് നിറവേറുന്നത്. തമിഴ്‌നാട് സ്വദേശിയായ അബ്ദുള്ള 1983 ലാണ് കടയ്ക്കലിൽ എത്തുന്നത്. കൂലിപ്പണി ചെയ്ത് ജീവിതം തള്ളി നീക്കിയ അബ്ദുള്ള ഇപ്പോൾ ചെറിയ ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് പോവുകയാണ്.നിർദ്ധന യുവതികളെ വിവാഹം കഴിച്ച് കൊടുക്കാനുള്ള ധനസഹായം, വീട് വച്ചു കൊടുക്കൽ, സാന്ത്വന ചികിത്സാ സഹായം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കടയ്ക്കൽ സ്വദേശികൾക്ക് സുപരിചിതനാണ് അബ്ദുള്ള.

അബ്ദുള്ളയോടൊപ്പം ഭാര്യ ഷമീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. ബിജു, സെക്രട്ടറി ബിജു ശിവദാസൻ, ജനപ്രതിനിധികളായ എസ്. സുജീഷ് കുമാർ, ജെ. എം. മർഫി, ജി. സുരേന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ, കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം സുബ്ബലാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് പ്രസിഡന്റ് എൻ. ഗോപിനാഥ പിള്ള എന്നിവരും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.