തിരുവനന്തപുരം: നേപ്പാളിൽ ഹോട്ടലിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് പറഞ്ഞ് ഇന്ത്യൻ എംബസി കൈയൊഴിഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോർക്ക വഴി പണം നൽകാമെന്ന ഉറപ്പ് നൽകിയത്.
നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി ഡൽഹിയിലെ നോർക്ക ഉദ്യോഗസ്ഥരുമായും വിദേശമന്ത്രാലയവുമായും ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു. കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ.സമ്പത്തിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കിട്ടാത്തതിനാൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള പണം നൽകാനാവില്ലെന്നായിരുന്നു എംബസിയുടെ വിശദീകരണം. പത്ത് ലക്ഷത്തോളം രൂപയാണ് എയർഇന്ത്യ ആവശ്യപ്പെടുന്നത്. ചെലവ് വഹിക്കാനാവില്ലെന്ന് എംബസി അറിയിച്ചപ്പോൾ തന്നെ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരുന്നു.