ഉള്ളൂർ: ഹൃദയധമനിയിൽ വിണ്ടുകീറലുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ 42 കാരൻ,​ 12 മണിക്കൂർ നീണ്ട അതിസങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്...
പോത്തൻകോട് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളിക്കാണ് കാർഡിയോ തൊറാസിക് വിഭാഗത്തിലെ ചികിത്സയിലൂടെ അസുഖം ഭേദമായത്. ശ്വാസംമുട്ടലും പുറം വേദനയുമായാണ് ഇയാൾ കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. ജോർജ് കോശിയുടെ മേൽനോട്ടത്തിൽ എക്കോ, സി.ടി സ്കാൻ പരിശോധനയിൽ ഹൃദയത്തിൽ നിന്നു രക്തം തലച്ചോറിലേക്കും മറ്റ് ശരീരഭാഗങ്ങളിലേക്കും എത്തിക്കുന്ന മഹാധമനിയിൽ വിണ്ടുകീറലും ഹൃദയവാൽവിൽ ചോർച്ചയും കണ്ടെത്തി.
കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബർ 31 ന് രാത്രിയിൽ ഹൃദയം തുറന്ന് സർജറി നടത്തി. ഹാർട്ട് ലങ്മെഷീന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. മഹാധമനിയും, ഹൃദയത്തിനും മഹാധമനിക്കും ഇടയിലുള്ള വാൽവ് എന്നിവ മാറ്റി കൃത്രിമ ധമനിയും വാൽവും വച്ചുപിടിപ്പിച്ചു.
ഹൃദയത്തിലേക്കുള്ള കൊറോണറി രക്തക്കുഴലുകൾ പുതിയ കൃത്രിമ ധമനിയിലേക്ക് ഘടിപ്പിച്ചു.
തൊറാസിക് സർജന്മാരായ ഡോ. അരവിന്ദ് രാമൻ, ഡോ.ഷഫീക്ക്, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരായ ഗോപാലകൃഷ്ണൻ, ഷീലാ വർഗ്ഗീസ്, തുഷാര എന്നിവരും റസിഡന്റുമാരായ ഡോ. കിഷോർ, ഡോ. സോണി, ഡോ. ഫൈസൽ, ഡോ. മനൂബ് പെർഫ്യൂഷനിസ്റ്റ് കൃഷ്ണരാജ്, തിയേറ്റർ നഴ്സുമാരായ സൂര്യ, റിൻസി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ നിരക്കിൽ വിജയകരമായി പൂർത്തീകരിച്ചത്. കഴിഞ്ഞ ദിവസം രോഗിയെ ഡിസ്ചാർജ് ചെയ്തു.