തിരുവനന്തപുരം:സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പി ഡോ.ജേക്കബ് തോമസിനെ അഡി.ഡി.ജി.പിയായി തരംതാഴ്‌ത്താൻ സർക്കാർ നീക്കം. ഇതിന് പൊതുഭരണവകുപ്പ് അയച്ച ശുപാർശ മുഖ്യമന്ത്റിയുടെ ഓഫീസ് അംഗീകരിച്ചെന്നാണ് സൂചന.
എന്നാൽ കേന്ദ്ര സർവീസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ സംസ്ഥാന സർക്കാരിന് ഇത്രയും കടുത്ത നടപടിയെടുക്കാനാവില്ല. ശുപാർശ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് കൈമാറണം. അവിടെയാകും അന്തിമ തീരുമാനം. അതിന് മുമ്പ് വീണ്ടും ജേക്കബ് തോമസിന്റെ വിശദീകരണം തേടും.
മേയിൽ വിരമിക്കാനിരിക്കെ, വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് തരംതാഴ്‌ത്തൽ നടപടി തുടങ്ങിയത്.
അനുമതി വാങ്ങാതെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം എഴുതിയതിനടക്കമാണ് നടപടി. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സർവീസ് ചട്ടം ലംഘിച്ചാണെന്ന് മുൻ അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ സമിതി കണ്ടെത്തിയിരുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിന് അദ്ദേഹം 2017മുതൽ സസ്‌പെൻഷനിലായിരുന്നു. നാലുതവണ സസ്‌പെൻഷൻ നീട്ടിയ ശേഷം കഴിഞ്ഞ വർഷമാണ്, കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുപ്രകാരം അദ്ദേഹത്തെ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്.
2015ൽ ഡി.ജി.പി പദവിയിലെത്തിയ ജേക്കബ് തോസമസിനെ ഇടത് സർക്കാർ വിജിലൻസ് ഡയറക്ടറാക്കിയിരുന്നു. തുടർന്ന് സർക്കാരുമായി ഏറ്റുമുട്ടൽ ആരംഭിച്ചു. ബി.ജെ.പിക്കും ആർ.എസ്.എസിനും അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് സാദ്ധ്യതയില്ല.
നടപടി ഇങ്ങനെ
അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ ചട്ടം 8 പ്രകാരം മുതിർന്ന ഉദ്യോഗസ്ഥരുടെ സമിതി വിശദമായി അന്വേഷിക്കണം.
ജേക്കബ് തോമസിന്റെ മൊഴിയെടുക്കണം. രേഖകളടക്കം പരിശോധിക്കണം. അന്വേഷണം പൂർത്തിയാക്കി നടപടിക്കായി കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് ശുപാർശ ചെയ്യാം.
സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിക്കണമെന്നില്ല. നടപടികൾ പുനഃപരിശോധിക്കാനും റദ്ദാക്കാൻ നിർദ്ദേശം നൽകാനും കേന്ദ്രത്തിന് അധികാരമുണ്ട്.