തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹരിത അവാർഡിന്റെ നിറവിൽ തിരുവനന്തപുരം നഗരസഭ. സൂര്യകാന്തി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് മേയർ കെ. ശ്രീകുമാർ 10 ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങിയ അവാർഡ് ഏറ്റുവാങ്ങി. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ശുചിത്വം, കൃഷി, ജല സംരക്ഷണം എന്നീ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിക്കുന്നതിലും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനും നഗരസഭ സ്വീകരിച്ച നടപടികൾ, ഹരിത പെരുമാറ്റച്ചട്ടം പൂർണമായും നടപ്പിലാക്കൽ, ജലസ്രോതസുകളുടെ പുനരുജ്ജീവനം, ജൈവകൃഷിയിലെ പുരോഗതി എന്നിവയിൽ നടത്തിയ ഇടപെടലുകളാണ് നഗരസഭയെ ഒന്നാമതെത്തിച്ചത്. അവാർഡ് നഗരവാസികൾക്ക് സമർപ്പിക്കുന്നതായി മേയർ കെ. ശ്രീകുമാർ പറഞ്ഞു.