marriage

തിരുവനന്തപുരം: 1952ൽ 22 വയസുള്ളപ്പോൾ അച്ഛന്റെ ആഗ്രഹപ്രകാരം അമ്മാവന്റെ മകളെ വിവാഹം ചെയ്തു. സ്ത്രീധനമായ അഞ്ചേക്കറും ഒരു ലക്ഷം രൂപയുമായി ജീവിതത്തിന്റെ തീച്ചൂളയിലൂടെ തങ്കരായ പണിക്കർ നടത്തിയ ആ യാത്ര ഇന്ന് തൊണ്ണൂറിലെത്തി നിൽക്കുമ്പോൾ മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു ചരിത്രമാണ് പിറക്കുന്നത്. മക്കളില്ലാത്ത ഈ ദമ്പതിമാർ തങ്ങളുടെ സ്വത്തുക്കളുടെ ഒരുഭാഗം വീടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ജാതിമത ഭേദമന്യേയുള്ള ആരാധനാലയങ്ങൾക്കായി വീതിച്ചു നൽകുകയാണ്. പണിക്കർക്കൊപ്പം ആ യാത്രയിൽ അചഞ്ചലയായി നിന്ന ഭാര്യ ലളിതാഭായിക്ക് വീഴ്ചയിൽ പരിക്കേറ്റതൊഴിച്ചാൽ മറ്റ് ദു:ഖങ്ങളൊന്നുമില്ല.

മദ്രാസിൽ മെട്രിക്കുലേഷന് പഠിക്കുമ്പോഴാണ് രോഗാതുരനായ അച്ഛൻ കൃഷ്‌ണപണിക്കർ മകനോട് വിവാഹിതനാകാൻ ആവശ്യപ്പെട്ടത്. ഒഴിയാൻ ശ്രമിച്ചെങ്കിലും അച്ഛന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിന് മകൻ ഒടുവിൽ വഴങ്ങി. അമ്മാവൻ കുഞ്ഞൻമുതലാളിയുടെ ഒമ്പത് മക്കളിൽ രണ്ടാമത്തവളായ ലളിതയെയാണ് കൃഷ്ണപ്പണിക്കർ മകന് വേണ്ടി കണ്ടെത്തിയത്. തന്നോട് വലിയ ബഹുമാനമുള്ള പണിക്കരെ കുഞ്ഞൻ മുതലാളിയ്ക്കും ഇഷ്ടമായിരുന്നു. മാതാപിതാക്കളുടെ തീരുമാനത്തെ ലളിതയും ശിരസാവഹിച്ചു. പക്ഷേ,​ മകളുടെ വിവാഹം കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. വിവാഹത്തിന് ഒരു വർഷം മുമ്പ് കുഞ്ഞൻ മുതലാളി ലോകത്തോട് വിടപറഞ്ഞു.

സ്ത്രീധനമായി കിട്ടി അഞ്ചേക്കർ തങ്കരായ പണിക്കർ ധൂർത്തടിച്ച് നശിപ്പിച്ചു. അപ്പോഴും ലളിതാഭായി നിശബ്ദയായി നിഴൽപോലെ കൂടെനിന്നു. ഒടുവിൽ ആകെയുണ്ടായിരുന്ന സമ്പാദ്യമായ ഒരു ലക്ഷം രൂപയുമായി പണിക്കർ പോണ്ടിച്ചേരിയിലേക്ക് വണ്ടികയറി. കാറുകളോട് ഭ്രമമുണ്ടായിരുന്ന പണിക്കർ അവിടെ കാർ ബിസിനസ് തുടങ്ങി. അംബാസഡർ കാർ പോണ്ടിച്ചേരിയിൽ നിന്ന് വാങ്ങിയ ശേഷം കേരളത്തിലെത്തിച്ച് വിൽപന നടത്തുകയായിരുന്നു രീതി. 19 വർഷം ബിസിനസ് നടത്തിയ അദ്ദേഹം കോവളം പൂങ്കുളത്തും തമിഴ്നാട്ടിലും സ്വത്തുക്കൾ വാങ്ങിക്കൂട്ടി. സമ്പത്ത് കൈയിൽ വന്നപ്പോഴും പണിക്കരുടെ കണ്ണ് മഞ്ഞളിച്ചില്ല. സാധാരണ ജീവിതമാണ് നയിച്ചത്.

ദാമ്പത്യ ജീവിതത്തിൽ ആറരപ്പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഇവർ പൂങ്കുളത്ത് 10 സെന്റിലുള്ള വീട്ടിലാണ് താമസിക്കുന്നത്. മറ്റ് സ്വത്തുക്കളെല്ലാം തന്നെ വിറ്റശേഷം ആ തുക ഭാര്യയുടെ പേരിലാക്കി പൂങ്കുളം കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വത്തുക്കൾ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് ലളിതയായിരിക്കും. ഭാര്യ കിടപ്പിലായതിനാൽ ഉച്ചഭക്ഷണം പണിക്കർ തന്നെ പാകം ചെയ്യും. കഞ്ഞിയും ചമ്മന്തിയും അച്ചാറുമാണ് ഉച്ചഭക്ഷണം. രാവിലെയും വൈകിട്ടും ചായക്കടയിൽ നിന്ന് പുട്ടും പയറും വറുത്ത മുളകും വാങ്ങും. 90 വയസായെങ്കിലും കണ്ണിന് കാഴ്ചക്കുറവൊന്നുമില്ല. പല്ലുകളും കൊഴി‌ഞ്ഞിട്ടില്ല,​ ഇപ്പോഴും കാർ ഓടിക്കും. സഹായത്തിനായി കാട്ടാക്കട സ്വദേശിയായ വർഗീസ് കൂടെയുണ്ട്.

മക്കളില്ലാത്തതിൽ ദു:ഖമില്ല

വിവാഹം കഴിഞ്ഞ് അഞ്ചാം വർഷം ലളിത ഗർഭിണിയായെങ്കിലും അത് ട്യുബുലാർ പ്രെഗ്നൻസി ആയിരുന്നു. അത് ഓപ്പറേഷനിലൂടെ നീക്കുകയായിരുന്നു. ഇനിയൊരിക്കലും ലളിത ഗർഭിണിയാകില്ലെന്ന് ഡോക്ടർ വിധിയെഴുതി. പിന്നീട് അതോർത്ത് വിഷമിച്ചിട്ടുപോലുമില്ല. എനിക്ക് ലളിത മകളും അവൾക്ക് ഞാൻ മകനുമെന്ന പോലും ഇന്നും തങ്ങൾ സന്തോഷമായിരിക്കുന്നു.

തളർത്തിയ വീഴ്ച
കൃഷ്‌ണപണിക്കർ മരിച്ചതിന് ശേഷം തുടർച്ചയായി 40 വർഷം തിരിച്ചെന്തൂരിലെ മുരുകക്ഷേത്രത്തിൽ ഇരുവരും മുടങ്ങാതെ ബലിയിട്ടു. പത്ത് വർഷം മുമ്പ് 41ാം ആണ്ടുബലിക്ക് ബലിയിടാൻ ഒരുങ്ങുന്നതിനിടെ ലളിതാഭായി വീഴുകയും തുടയെല്ല് പൊട്ടുകയുമായിരുന്നു. ആ സംഭവത്തിന് ശേഷം ഇതുവരെ ബലിയിട്ടിട്ടില്ല. അതിൽ അദ്ദേഹത്തിന് പരിഭവവുമില്ല.