കഴക്കൂട്ടം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ, കൊച്ചുവേളി ഓഫീസിലെ സീനിയർ സെക്ഷൻ എൻജിനിയറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം ചെല്ലമംഗലം അക്കരവിള എസ്.ആർ. നിവാസിൽ രവികുമാറിന്റെയും പരേതയായ ശോഭനകുമാരിയുടെയും മകൻ സജിത്ത് (42)ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറിന് കൊച്ചുവേളിയ്ക്കും ആൾസെയിൻസ് കോളേജിനും ഇടയ്ക്ക് ഗുരുമന്ദിരത്തിന് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ജനശതാബ്ദി ആയിരിക്കാം തട്ടിയത്.
അഴിമതികൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 8 ന് എ.ഡി.ആർ.എമ്മിന് സജിത് പരാതി നൽകിയിരുന്നു. ഏത് നിമിഷവും തന്റെ ജീവന് എന്തും സംഭവിക്കാമെന്നും, അങ്ങനെ സംഭവിച്ചാൽ യാതൊരു കാരണവശാലും റെയിൽവേ ആസ്ഥാനത്ത് മൃതദേഹം കൊണ്ടു പോയി പൊതുദർശനത്തിന് വയ്ക്കരുതെന്നു ഭാര്യയോട് സജിത്ത് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു.
റെയിൽവേയിലെ ജോലി ഉപേക്ഷിക്കാനും സജിത് ആലോചിച്ചിരുന്നതായി പറയുന്നു. ചൊവ്വാഴ്ച രാത്രി 10 നു ജോലിയ്ക്കു പോയ സജിത്ത് ബുധനാഴ്ച രാവിലെ 5.30 ന് ഭാര്യയെ വിളിച്ച് വീട്ടിലേക്ക് തിരിയ്ക്കുന്നതായും പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് മരണ വിവരം പൊലീസ് വീട്ടിൽ വിളിച്ച് അറിയിയ്ക്കുന്നത്. മൊബൈലിൽ സംസാരിച്ചു കൊണ്ട് ഒരാൾ പാളം കടക്കുന്നതായി നാട്ടുകാരിൽ ഒരാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സജിത്തിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ ആർ.കെ.അശ്വിനി. മകൾ ആറ് മാസം പ്രായമായ അനിക. സഹോദരങ്ങൾ ആർ.എസ്.രജിത്, ആർ.എസ്.സരിത. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.