തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം തലസ്ഥാന നഗരിയിൽ വീണ്ടും തീപിടിത്തം. ദേശീയപാതയിൽ കരമന ജംഗ്ഷന് സമീപത്തെ ബാറ്റാ ചെരുപ്പ് കമ്പനിയുടെ മൂന്നാം നിലയിലെ ഗോഡൗണിൽ ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെങ്കൽച്ചൂളയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ റോഡിലൂടെ പോയവരാണ് പുക ഉയരുന്നത് കണ്ട് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏണി ഉപയോഗിച്ച് കെട്ടിടത്തിന് മുകളിൽ കയറി മൂന്നാം നിലയിലെ ഗ്ലാസ് തകർത്ത ശേഷം വെള്ളം ചീറ്റി തീയണച്ചെങ്കിലും ചെരുപ്പുകൾ കത്തിനശിച്ചിരുന്നു. ആദ്യത്തെ രണ്ട് നിലകളിലാണ് വില്പനയ്ക്കായുള്ള ചെരുപ്പുകൾ സൂക്ഷിച്ചിരുന്നത്. മൂന്നാംനിലയിലെ ഇരുമ്പ് ഷെൽഫുകളിൽ കവറുകളിലാക്കിയാണ് ചെരുപ്പുകൾ സൂക്ഷിച്ചിരുന്നത്. ഇതിൽ മൂന്ന് ഷെൽഫുകൾ പൂർണമായും കത്തിനശിച്ചു. എതിർവശത്തെ മറ്റ് ഷെൽഫുകളിലേക്ക് തീപടർന്നില്ല. ഇത് സംശയത്തിന് ഇടയാക്കുന്നതാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കടയിൽ സി.സി ടിവി കാമറകളും ഉണ്ടായിരുന്നില്ല. കരമനയ്ക്ക് സമീപത്തുള്ള കാറ്ററിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ അഞ്ച് വർഷമായി ഷോറൂം പ്രവർത്തിച്ചുവരികയാണ്. തീപിടിച്ച വിവരം എട്ടോടെയാണ് പുറത്തറിഞ്ഞതെങ്കിലും അതിന് മുമ്പ് തന്നെ തീ പടർന്നിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കും. തീ പടർന്നത് എവിടെനിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്റ്റേഷൻ ഓഫീസർമാരായ ജി. സുരേഷ് കുമാർ,​ ഡി. പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാർ,​ ഫയർമാന്മാരായ ഷഫീർ,​ മഹേഷ്,​ സനൽകുമാർ എന്നിവരാണ് തീയണച്ചത്.