sanju-samson

ഇന്ത്യ - ന്യൂസിലൻഡ് ട്വന്റി - 20 പരമ്പരയ്ക്ക് നാളെ ഓക്‌ലാൻഡിൽ തുടക്കം

പകരക്കാരനായി നാലാം പരമ്പരയിലും സഞ്ജു സാംസൺ

ഓക്‌ലാൻഡ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരവസരം ലഭിക്കുക ഒട്ടും എളുപ്പമല്ല. കിട്ടിക്കഴിഞ്ഞാൽ അത് നിലനിറുത്താനും. നാലുവർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടീമിന്റെ വാതിൽ തനിക്ക് മുന്നിൽ പകരക്കാരന്റെ വേഷം തരാനായെങ്കിലും തുറന്നതിന്റെ സന്തോഷത്തിലായിരുന്നു സഞ്ജു സാംസൺ നാലുമാസം മുമ്പ്. നാലുമാസമായി നാലാമത്തെ പരമ്പരയ്ക്കാണ് സഞ്ജു ഇന്ത്യൻ ടീമംഗമായി ഇരിക്കുന്നത്. ഇതിനിടയിൽ നടന്ന ഒൻപത് മത്സരങ്ങളിൽ പ്ളേയിംഗ് ഇലവനിൽ എത്തിയത് ഒരിക്കൽ മാത്രം. കാത്തുകാത്തിരുന്ന് കിട്ടിയ അവസരത്തിൽ നേരിട്ട ആദ്യ പന്തു തന്നെ സിക്സിന് പറത്തി. എന്നാൽ രണ്ടാം പന്തിൽ എൽ.ബി. ഡബ്ളിയുവിന്റെ രൂപത്തിൽ വിധി വിഴുങ്ങി.

ബംഗ്ളാദേശ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക.... ഇപ്പോൾ ന്യൂസിലാൻഡ്. ആദ്യ പരമ്പരയിൽ സഞ്ജുവിനെ വിളിക്കാൻ കാരണം രോഹിതിന് വിശ്രമം നൽകിയത്. വിൻഡീസിനെതിരെ ആദ്യം ടീമിലുണ്ടായിരുന്നില്ല. എന്നാൽ ശിഖർ ധവാന് രഞ്ജി ട്രോഫിയിലേറ്റ പരിക്ക് വഴിതുറന്നു. ശ്രീലങ്കയ്ക്കെതിരെയും ധവാൻ പുറത്തു നിന്നപ്പോൾ റിസർവ് ഓപ്പണറുടെ വേഷത്തിൽ വിളിയെത്തി. എന്നാൽ കളിക്കാൻ നൽകിയത് ഫസ്റ്റ് ഡൗണായും.

സെലക്ടർമാരെ അതിശയിപ്പിക്കുന്ന പ്രകടനം നടത്താൻ ഇതുവരെ സഞ്ജുവിന് സാഹചര്യമില്ലായിരുന്നു. പക്ഷേ കിവീസ് മണ്ണിൽ നടക്കുന്ന പരമ്പരയിൽ സഞ്ജുവിന് അതിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ പരമ്പര സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. മികച്ച പ്രകടനം കാഴ്ചവച്ചാൽ അടുത്ത ഐ.പി.എല്ലും കൂടി പരിഗണിച്ച് ഒക്ടോബറിൽ നടക്കുന്ന ട്വന്റി - 20 ലോകകപ്പ് ടീമിലേക്ക് സ്ഥാനം ഉറപ്പിക്കാം. മറിച്ചായാൽ ഇനിയൊരിക്കൽക്കൂടി ഇന്ത്യൻ ടീമിലേക്ക് എത്തുക ദുഷ്കരമാകും.

സഞ്ജുവിന്റെ സാദ്ധ്യതകൾ ഇങ്ങനെ

1. അഞ്ചു മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. അതിൽ രണ്ടെണ്ണത്തിലെങ്കിലും സഞ്ജുവിന് അവസരം നൽകാതിരിക്കില്ല.

2. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആസ്ട്രേലിയയ്കക്ക് എതിരായ ആദ്യ ഏകദിനത്തിൽ തലയ്ക്ക് പരിക്കേറ്റതിനാൽ രണ്ട് മത്സരത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. ഋഷഭിനെ ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും കളിപ്പിക്കേണ്ടതിനാൽ ട്വന്റി - 20യിൽ അധികം റിസ്ക് എടുപ്പിക്കില്ല എന്നാണ് കരുതുന്നത്.

3. രോഹിത് ശർമ്മയും കെ.എൽ. രാഹുലുമാകും ഓപ്പണർമാർ. എന്നാൽ രോഹിതിനും ചെറിയ പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. അങ്ങനെ വന്നാൽ ഓപ്പണിംഗിലേക്കും ചാൻസ് ലഭിച്ചേക്കും.

4. ശ്രീലങ്കയ്ക്കെതിരെ അവസാന ട്വന്റി - 20 ജയിച്ച ടീമിലംഗമാണ് സഞ്ജു. വിന്നിംഗ് കോമ്പിനേഷനിൽ മാറ്റം വരുത്തുന്നില്ല എങ്കിൽ അവസരം സഞ്ജുവിന് തന്നെ. ഋഷഭ് പന്തിനെ ആദ്യ ട്വന്റി - 20 മുതൽ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചാലേ സഞ്ജുവിന് പുറത്തിരിക്കേണ്ടി വരൂ.

സഞ്ജുവിന് സൂപ്പറാകാം

കിവീസിലെ സാഹചര്യങ്ങൾ സഞ്ജുവിന് ബാറ്റിംഗ് ശൈലിക്ക് ഏറെ അനുയോജ്യമാണ്. ചെറിയ ഗ്രൗണ്ടുകളിൽ സഞ്ജുവിനെപ്പോലെ ഏരിയൽ ഷോട്ടുകൾ കളിക്കുന്നവർക്ക് തുണയാകും. വേഗതയേറിയ ഔട്ട് ഫീൽഡും ബാറ്റിംഗിനെ തുണയ്ക്കും. അധികം തണുപ്പില്ലാത്ത കാലാവസ്ഥയാണ് ഈ സമയത്ത് ഇവിടെ.

''സഞ്ജു മികച്ച ബാറ്റ്‌സ്‌മാൻ തന്നെയാണ്. ഇന്ത്യൻ ടീമിൽ എത്തിപ്പെടുക എന്നത് ഏറെ ശ്രമകരമാണ്. നല്ലൊരു ബ്രേക്ക് ത്രൂവിന് വേണ്ടി സഞ്ജു കാത്തിരിക്കുകയാണ്. വർഷങ്ങളായുള്ള അവന്റെ പരിശ്രമത്തിന് തീർച്ചയായും ഫലം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.

ബിജു ജോർജ്

സഞ്ജുവിന്റെ ആദ്യ പരിശീലകൻ

11

ട്വന്റി - 20 കളാണ് ഇതുവരെ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കളിച്ചിട്ടുള്ളത്.

8

ഇതിൽ എട്ടെണ്ണത്തിലും ജയിച്ചത് ന്യൂസിലൻഡ്. ഇന്ത്യൻ ജയം മൂന്നെണ്ണത്തിൽ മാത്രം

2-1

കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ മൂന്ന് മത്സരം ട്വന്റി - 20 പരമ്പരയിൽ ജയിച്ചത് കിവീസാണ്.