പോത്തൻകോട്: തച്ചപ്പള്ളി ഗവ.എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ സമർപ്പണവും ഇന്നും നാളെയുമായി നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9ന് എൽ.പി വിഭാഗം ജില്ലാതല ക്വിസ് മത്സരം നടക്കും. ഉച്ചയ്ക്ക് 3ന് കലാം കൊച്ചെറയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കവിയരങ്ങ് കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സീരിയൽ താരം മണികണ്ഠൻ നിർവഹിക്കും. നാളെ ഉച്ചയ്ക്ക് 2ന് നാടൻ പാട്ട്. 4.30ന് ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തിൽ വച്ച് എ.കെ. ആന്റണി എം.പിയുടെ വികസന പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിടത്തിന്റെ സമർപ്പണം അടൂർ പ്രകാശ് എം.പി നിർവഹിക്കും. സി .ദിവാകരൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും നിർമ്മിച്ച കെട്ടിടങ്ങളുടെയും ശതാബ്ദി കവാടത്തിന്റെയും സമർപ്പണം സി. ദിവാകരൻ എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ ഷാനിബ ബീഗം, എസ്.രാധാദേവി, എം. ജലീൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7ന് കലാപരിപാടികൾ.