കരോളിൻ വൊസ്‌നിയാക്കി ആസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ
ഫെഡറർ, സെറീനൻ നൊവാക്ക്, ആഷ്‌ലി ബാർട്ടി മുന്നോട്ട്
7-5, 7-5
മെൽബൺ : ഈ ആസ്ട്രേലിയൻ ഓപ്പണോടെ കളിക്കളത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്ന ഡാനിഷ് സുന്ദരി കരോളിൻ വൊസ്‌നിയാക്കി ഇന്നലെ ആദ്യ സെറ്റിലെ തോൽവിയുടെ വക്കത്തു നിന്ന് പൊരുതിക്കയറി മൂന്നാം റൗണ്ടിലേക്ക് കുതിച്ചു.
ഉക്രെനിയൻ താരം ഡയാന യാസ് ത്രെംസ്കയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് കരോളിന്റെ അസാമാന്യ മനക്കരുത്തും ദൈർഘ്യമാർന്ന റാലികളും കണ്ടത്. ആദ്യ സെറ്റിൽ 1-5 ന് പിന്നിലായിരുന്ന ശേഷം പൊരുതിക്കയറിയ കരോളിൻ 7-5, 7-5 എന്ന സ്കോറിനാണ് രണ്ടാം റൗണ്ട് മത്സരത്തിൽ വിജയം കണ്ടത്.
19 കാരിയായ ഡയാനയ്ക്കെതിരെ തുടർച്ചയായ ആറ് ഗെയിം പോയിന്റുകൾ നേടിയാണ് കരോളിൻ ആദ്യ സെറ്റ് സ്വന്തമാക്കിയത്.
മൂന്നാം റൗണ്ടിൽ ടുണീഷ്യൻ താരം ഓനസ് ജബേയുറാണ് കരോളിന്റെ എതിരാളി. രണ്ടാം റൗണ്ടിൽ ഫ്രഞ്ച് താരം ഗാർഷ്യയെ 1-6, 6-2, 6-3 ന് കീഴടക്കിയാണ് ഓനസ് വൊസ്‌നിയാക്കിക്ക് എതിരായ അങ്കത്തിന് ടിക്കറ്റെടുത്തത്.
2:02
രണ്ട് മണിക്കൂർ രണ്ട് മിനിട്ടുകൊണ്ടാണ് രണ്ടാം റൗണ്ടിൽ കരോളിൻ വിജയം കണ്ടത്.
2018
ആസ്ട്രേലിയൻ ഓപ്പൺ വനിതാസിംഗിൾസ് ജേതാവാണ് കരോളിന്. ഈ 29 കാരിയുടെ ഏക ഗ്രാൻസ്ളാം കിരീടവും ഇതാണ്. ഈ കിരീട നേട്ടത്തോടെ വീണ്ടും ഒന്നാം റാങ്കിലെത്തിയിരുന്നു.
7
2010 ഒക്ടോബറിൽ ഡബ്ളിയുടി.എ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരിയായിരുന്നു കരോളിൻ. ഒരു സ്കാൻഡിനേവിയൻ രാജ്യത്തു നിന്ന് ഒന്നാം റാങ്കിലെത്തുന്ന ആദ്യ താരമായിരുന്നു കരോളിൻ.
36
ഇപ്പോൾ കരോളിന്റെ റാങ്ക്
ഭർത്താവും മുൻ എൻ.ബി.എ ചാമ്പ്യനുമായ ഡേവിഡ് ലിയ്ക്കൊപ്പം കുടുംബ ജീവിതം നയിക്കാനാണ് 29-ാം വയസിൽ കരോളിൻ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിക്കുന്നത്.
ഇന്നലെ നടന്ന മറ്റ് രണ്ടാം റൗണ്ട് മത്സരങ്ങളിൽ മുൻ നിര താരങ്ങളായ റോജർ ഫെഡറർ, നവോമി ഒസാക്ക, സെറീന വില്യംസ്, നൊവാക്ക് ജോക്കോവിച്ച് തുടങ്ങിയവർ വിജയം കണ്ടു.
6-1, 6-4, 6-1
ഫെഡറർ രണ്ടാം റൗണ്ടിൽ കീഴടക്കിയത് സെർബിയൻ താരം ക്രായിനോവിച്ചിനെയാണ്. ഒരു മണിക്കൂർ 32 മിനിട്ട് നീണ്ട മത്സരത്തിൽ രണ്ടാം സെറ്റിൽ മാത്രമാണ് ക്രായിനോവിച്ചിന് ചെറുത്തു നിൽക്കാനായത്.
6-1, 6-4
ലോക ഒന്നാം നമ്പർ വനിതാതാരം ആഷ്‌ലി ബാർട്ടി രണ്ടാം റൗണ്ടിൽ സ്ളൊവേനിയൻ താരം പെളോണ ഹെർകോഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി മൂന്നാം റൗണ്ടിലെത്തി.
6-1, 6-4, 6-2
പുരുഷ വിഭാഗത്തിലെ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചിനും രണ്ടാം റൗണ്ടിൽ ഈസി വിജയം. വൈൽഡ് കാർഡിലൂടെ എത്തിയ ജാപ്പനീസ് താരം താത്‌സുമോ ഇറ്റോയെയാണ് നൊവാക്ക് തകർത്തത്.
6-2, 6-3
എട്ടാം സീഡായി മത്സരിക്കുന്ന മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് രണ്ടാം റൗണ്ടിൽ സ്ളൊവേനിയൻ താരം തമാര സിദാൻ സെക്കിനെ കീഴടക്കി.
മൂന്നാം റൗണ്ടിലെത്തിയ മറ്റ് മുൻനിരക്കാർ
വനിതാ സിംഗിൾസ്
പെട്രക്വിറ്റാവോ, നവോമി ഒസാക്ക, മാഡിസൺ കെയ്സ്, കോക്കോ ഗൗഫ്, കാർലോ സുവാരസ് നവാരോ, എലീസ് മെർട്ടെൻസ്, കെനിൻ.
പുരുഷ സിംഗിൾസ്
ഫോഗ്നിനി, സിസ്റ്റിപ്പാസ്, ടോമി പോൾ, മിലാസ് റാവോണിച്ച്, മിൽമാൻ, ബാറ്റിസ്റ്റ അഗൂട്ട്, സാൻഗ്രെൻ.