തിരുവനന്തപുരം: മാധവിക്കുട്ടിയുടെ ഓർമ്മയ്ക്കായി താൻ നട്ടുവളർത്തിയ നീർമാതളത്തിന്റെ തണലിൽ കവയിത്രി സുഗതകുമാരിയുടെ പിറന്നാളാഘോഷം. മാനവീയം വീഥിയിൽ സുഗതകുമാരിയുടെ 86-ാം ജന്മദിനത്തോടനുബന്ധിച്ച് പവിഴമല്ലി സംഘടിപ്പിച്ച ചടങ്ങ് 'രാത്രിമഴ' എന്ന കവിത ചൊല്ലിയാണ് ആരംഭിച്ചത്.
'ഈ നീർമാതളത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ എനിക്ക് പല ഓർമ്മകളും ഉണ്ടാകും. കാടിനുവേണ്ടിയും പച്ചപ്പിനുവേണ്ടിയും പോരാടിയതിന്റെ ഓർമ്മകളാണവ. എനിക്കിപ്പോൾ പ്രവർത്തിക്കാനും സംസാരിക്കാനും എഴുതാനും കഴിയുന്നില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ പ്രകൃതിക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയണമെന്ന ആഗ്രഹം മാത്രമാണുള്ളത്.''- സുഗതകുമാരി പറഞ്ഞു. എഴുത്തുകാരി കെ.എ. ബീന, അനിത തമ്പി, എസ്.കെ. മിനി തുടങ്ങിയവർ സുഗതകുമാരിയുടെ കവിതകൾ ആലപിച്ചു. സ്‌നേഹത്തിന്റെ മാധുര്യമായി നൽകിയ പായസം കുടിച്ചാണ് ഹ്രസ്വമായ പിറന്നാൾ ചടങ്ങ് അവസാനിച്ചത്. ജന്മദിനത്തിൽ സുഗതകുമാരി വീടിനു പുറത്ത് പങ്കെടുത്ത ഏക പരിപാടിയും ഇതായിരുന്നു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും പ്രൊഫ.സി. രവീന്ദ്രനാഥും കവയിത്രിയുടെ നന്ദാവനത്തെ വീട്ടിൽ ഇന്നലെ രാവിലെ ആശംസകളുമായി എത്തിയിരുന്നു.