കോവളം: വിഴിഞ്ഞത്ത് പൂട്ടിയിട്ടിരുന്ന വീടിന് തീപിടിച്ച് ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. തെന്നൂർക്കോണം കുഴിവിള സ്വദേശി സ്റ്റീഫന്റെ വീട്ടുവളപ്പിൽ രമേശൻ എന്നയാൾ വാടയ്‌ക്ക് താമസിക്കുന്ന തകരഷീറ്റ് മേഞ്ഞ വീടാണ് ഇന്നലെ രാത്രി 8ഓടെ പൂർണമായും കത്തിനശിച്ചത്. തീപടരുന്നത് കണ്ട് നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തി മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് തീഅണച്ചത്. വലിയ വാഹനങ്ങൾ കടന്നുചെല്ലാത്ത വഴിയായതിനാൽ ഫയർഎൻജിനിൽ നിന്ന് പാത്രങ്ങളിൽ വെള്ളം ശേഖരിച്ചാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നതായും ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അധികൃതർ പറഞ്ഞു.