മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ആന്ധ്ര ഉടൻ മാറാൻ പോവുകയാണ്. ഭരണസിരാകേന്ദ്രം വിശാഖപട്ടണത്ത്. 700 കിലോമീറ്റർ അകലെ കുർനൂലിൽ കോടതി സമുച്ചയങ്ങൾ. 400 കിലോമീറ്റർ അകലെ നിയമസഭാ തലസ്ഥാനം അമരാവതിയിൽ.
മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബുനായിഡുവിന്റെ സ്വപ്നതലസ്ഥാനമായിരുന്നു അമരാവതി. മറ്റ് രണ്ട് തലസ്ഥാനങ്ങൾ കൂടി വരുന്നതോടെ അമരാവതിയിലേക്കുള്ള ജനങ്ങളുടെ വരവ് കുറയാം. ഇതിനകം തന്നെ നിയമസഭാ മന്ദിരവും സെക്രട്ടേറിയറ്റും മറ്റും അമരാവതിയിൽ നിർമ്മിച്ചുകഴിഞ്ഞു.
മൂന്ന് തലസ്ഥാനങ്ങൾ വന്നതിന്റെ പിന്നിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ രാഷ്ട്രീയമുണ്ട്. ''ഒരു സ്ഥലത്തിന് അമിത പ്രാധാന്യം നൽകുന്നത് മറ്റ് സ്ഥലങ്ങളുടെ വളർച്ചയെ ബാധിക്കും. മാത്രമല്ല മറ്റ് സ്ഥലങ്ങളുടെ വികസനത്തിന് ഫണ്ട് ഇല്ലാതെ വരികയും ചെയ്യും"- മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വാക്കുകൾ.
എന്തുകൊണ്ട്
2 സംസ്ഥാനം വന്നു?
ഹൈദരാബാദിലാണ് ഏറ്റവും വലിയ വളർച്ചയും നിക്ഷേപവും വന്നത്. അങ്ങനെ വന്നപ്പോൾ തീരപ്രദേശത്തെ വടക്കൻ ആന്ധ്രയും റായലസീമയും വികസനത്തിൽ പിറകോട്ട് പോയി. ഈ പ്രദേശങ്ങളിൽ ഉള്ളവരും ഹൈദരാബാദ് കേന്ദ്രമാക്കിയാണ് ഓഫീസുകളും ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും നിർമ്മിച്ചത്. തെലങ്കാന, ആന്ധ്ര എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാൻ 2010 ഡിസംബറിൽ ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഹൈദരാബാദിന്റെ അമിത വളർച്ച മറ്റ് പ്രദേശങ്ങളെ സാമ്പത്തികമായി പിറകിലാക്കുന്നതിന് ഇടയാക്കിയെന്നും ഇതാണ് രണ്ട് സംസ്ഥാനങ്ങൾ എന്ന ആവശ്യം ഉയരാൻ ഇടയാക്കിയ കാരണങ്ങളിൽ ഒന്നെന്നും ശ്രീകൃഷ്ണ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
ആരുടെ നിർദ്ദേശം?
ജഗൻമോഹൻറെഡ്ഡി സർക്കാർ നിയമിച്ച ജി.എൻ. റാവു കമ്മിറ്റിയാണ് മൂന്ന് തലസ്ഥാനങ്ങൾ എന്ന ആശയം മുന്നോട്ടുവച്ചത്. മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് റാവു. മൂന്ന് തലസ്ഥാനങ്ങൾക്ക് പുറമേ കർണാടക മാതൃകയിൽ 4 പ്രാദേശിക കമ്മിഷണറേറ്റുകൾ വേണമെന്നും നിർദ്ദേശമുണ്ട്.
ബോസ്റ്റൺ
കൺസൾട്ടൻസ് ഗ്രൂപ്പ്
റാവു കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആഗോള മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടൻസ് ഗ്രൂപ്പിൽ നിന്ന് സർക്കാർ അഭിപ്രായം തേടി. അവർ നൽകിയ നിർദ്ദേശങ്ങൾ.
1. ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ ആസ്ഥാനം വിശാഖപട്ടണത്ത് ആയിരിക്കണം. അടിയന്തരമായി നിയമസഭ കൂടേണ്ടിവന്നാൽ അതിന് പറ്റുന്ന ചെറിയ നിയമസഭാ മന്ദിരവും വേണം. ഹൈക്കോടതിയുടെ ഒരു ബെഞ്ച് ഇവിടെ പ്രവർത്തിക്കണം.
2. അമരാവതിയിൽ പൂർണതോതിൽ പ്രവർത്തിക്കാനുള്ള നിയമസഭാ മന്ദിരം. ഹൈക്കോടതിയുടെ ഒരു ബെഞ്ചും.
3. കുർനൂലിൽ ഹൈക്കോടതി മന്ദിരവും ട്രൈബ്യൂണലുകളും.
ദക്ഷിണാഫ്രിക്കയുടെ സ്വാധീനം
ലോകത്ത് മൂന്ന് തലസ്ഥാനങ്ങളുള്ള ഏക രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇതിൽ നിന്നാണ് മൂന്ന് തലസ്ഥാനങ്ങൾ എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് ജഗൻമോഹൻ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു.
സൗത്ത് ആഫ്രിക്കയുടെ
തലസ്ഥാനങ്ങൾ.
പ്രിട്ടോറിയ (എക്സിക്യുട്ടീവ്)
കേപ് ടൗൺ (ലെജിസ്ളേറ്റീവ്)
ബ്ലോംഫൗണ്ടൻ (ജുഡിഷ്യൽ)
വികസനം കൂടും?
മൂന്ന് തലസ്ഥാനങ്ങൾ വരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വികസനം പൊതുവെ വർദ്ധിക്കാൻ ഇടയാക്കും. സന്തുലിത വികസനത്തിന്റെ പാത ഒരുക്കാനും ഇത് ഇടയാക്കും. കേരളത്തിൽ എറണാകുളത്തിന്റെ വമ്പൻ വളർച്ച ആലപ്പുഴയെ ബാധിച്ചത് നമുക്ക് മുന്നിൽ ഒരു പാഠമാണ്.
ഇന്ത്യയിൽ
ഇന്ത്യയിൽ മഹാരാഷ്ട്രയ്ക്ക് രണ്ട് തലസ്ഥാനങ്ങളുണ്ട്. മുംബയും നാഗ്പൂരും. നിയമസഭയുടെ ശീതകാല സമ്മേളനം നാഗ്പ്പൂരിലാണ്. ഹിമാചൽപ്രദേശിന് സിംലയും ധർമ്മസ്ഥലയും തലസ്ഥാനങ്ങളാണ്. ജമ്മുകാശ്മീരിന് ജമ്മുവും ശ്രീനഗറും തലസ്ഥാനങ്ങളാണ്.
ലോകത്ത് 12
നിരവധി രാജ്യങ്ങൾക്ക് 2 തലസ്ഥാനങ്ങളുണ്ട്. ശ്രീലങ്കയിൽ സഭാ മന്ദിരം ജയവർദ്ധനപുരകോട്ടയിലാണ്. എന്നാൽ ഭരണകേന്ദ്രം കൊളംബോയിലും. മലേഷ്യയുടെ ഔദ്യോഗിക തലസ്ഥാനം കോലാലമ്പൂരാണ്. ഭരണകേന്ദ്രവും കോടതികളും പുത്രജയയിലും. ചിലിയിൽ സാന്തിയാഗോയും വൽപരാസോയും തലസ്ഥാനങ്ങളാണ്. ബൊളീവിയയ്ക്ക് ലാ പാസും സുക്രെയും തലസ്ഥാനങ്ങൾ. ലോകത്ത് മൊത്തം 12 രാജ്യങ്ങൾക്ക് 2 തലസ്ഥാനങ്ങളുണ്ട്.
ആശങ്കയുണ്ട്
ആർക്കിടെക്ട് ജി. ശങ്കർ
അമരാവതി സ്വപ്നനഗരം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 36,000 കോടി അടിസ്ഥാന നിക്ഷേപം കണക്കാക്കിയാണ് രൂപകല്പന ചെയ്യപ്പെട്ടത്. ആന്ധ്രാപ്രദേശിലെ വാസ്തുശില്പ ചാതുര്യത്തിന്റെ മകുടോദാഹരണങ്ങളായിട്ടായിരുന്നു രൂപകല്പന. നിർഭാഗ്യവശാൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ലോകബാങ്ക് ധനസഹായം പിൻവലിച്ചതാണ് കാരണം. അമരാവതിയുടെ ഇന്നത്തെ നില അറിയാനായി ഞാൻ ഈയിടെ ഗുണ്ടൂരിൽ നിന്നും യാത്ര ചെയ്തിരുന്നു. അതിശോചനീയമായ നിലയിൽ കോൺക്രീറ്റ് തൂണുകളുടെ അസ്ഥിപഞ്ജരങ്ങൾ മാത്രമാണ് കാണാൻ കഴിഞ്ഞത്. രാഷ്ട്രീയ കാരണങ്ങളാൽ പദ്ധതിക്ക് പിന്തുണയും നഷ്ടപ്പെട്ടു. പുതുതായി അധികാരമേറ്റ സർക്കാർ പിന്തുണ പിൻവലിച്ചു. ഈ പശ്ചാത്തലത്തിലാണ് മൂന്ന് തലസ്ഥാനങ്ങൾ നിർമ്മിക്കാനുള്ള നിർദേശമുണ്ടായത്. പ്ളാനർ എന്ന നിലയിലും നഗരാസൂത്രകൻ എന്ന നിലയിലും പദ്ധതിയെ ആശങ്കയോടെയാണ് കാണുന്നത്.
അമരാവതി സംസ്ഥാന തലസ്ഥാനമെന്ന നിലയിൽ വികസന സാദ്ധ്യതയുള്ള നഗരമാണ്. മൂന്ന് തലസ്ഥാനമെന്ന ആശയം തുഗ്ളക് പരിഷ്കാരമാണ്. മൂന്ന് നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ , ഓഫീസുകളുടെ വിഭജനം ഇവയൊക്കെ വമ്പിച്ച സാമ്പത്തിക നിക്ഷേപങ്ങൾക്ക് വഴിയൊരുക്കും. അഴിമതിയുടെ കൂത്തരങ്ങായ സംസ്ഥാനത്ത് ഇൗ ആശയം മറ്റുപലതിനുമായിരിക്കും ഉപകാരപ്പെടുക.