p

കടയ്ക്കാവൂർ: തെരുവ് വിളക്കുകൾ കത്തിക്കുന്ന ചുമതല പഞ്ചായത്തുകളെ ഏൽപ്പിച്ചതോടെ ജനങ്ങൾ ഇരുട്ടിൽ തപ്പുന്നു. അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്തുകളിൽ അപൂർവം തെരുവ് വിളക്കുകളെ കത്തുന്നുള്ളൂ എന്ന പരാതി വ്യാപകമാണ്. പൊതു നിരത്തുകളിൽ വയ്ക്കേണ്ട തെരുവ് വിളക്കുകളും അതിനുവേണ്ട ഉപകരണങ്ങളും വാങ്ങാൻ പഞ്ചായത്ത് ഇലക്ട്രിസിറ്റി ബോർഡിനെ ഏൽപ്പിക്കുകയാണ് മുൻ പതിവ്. പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും എവിടെയൊക്കെ പോസ്റ്റുകളിൽ ലൈറ്റുകൾ സ്ഥാപിണമെന്ന് പഞ്ചായത്ത് നിർദേശിക്കും. അതനുസരിച്ച് ഇലക്ട്രിസിറ്റി ബോർഡ് ലൈറ്റുകൾ സ്ഥാപിക്കും. ലൈറ്റുകൾ കത്തിക്കേണ്ടത് മുൻകാലങ്ങളിൽ ഇലക്ട്രിസിറ്റി ബോർഡിനായിരുന്നു ചുമതല. അക്കാലങ്ങളിൽ ലൈറ്റ് കത്താതെ വരുമ്പോൾ ജനങ്ങൾ ഇലക്ട്രിസിറ്റി ബോർഡിനെയും പഞ്ചായത്തിനെയും അറിയിക്കും. ഇലക്ട്രിസിറ്റി ജീവനക്കാർ ഇത് അറ്റകുറ്റപ്പണികൾ തീർത്ത് പ്രകാശിപ്പിക്കും വീഴ്ച വന്നാൽ പഞ്ചായത്ത് ശക്തമായി പ്രതികരിക്കും.

ഇതോടെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നുള്ള പരാതി അപൂർവമായിരുന്നു. അടുത്തകാലത്തായി തെരുവ് വിളക്കുകൾ സ്ഥാപിക്കേണ്ടതിന്റെയും തെളിയിക്കേണ്ടതിന്റെയും ചുമതല പഞ്ചായത്തിനായി. ഇത് പഞ്ചായത്ത് കോൺട്രാക്ടർമാരെ ഏൽപ്പിച്ചു. ഇതോടെ പഞ്ചായത്തിലുള്ള മിക്ക തെരുവ് വിളക്കുകളും തെളിയാത്ത അവസ്ഥയിലാണ്. ജനങ്ങളുടെ പരാതി കൂടുമ്പോൾ ഉടൻ പരിഹരിക്കാമെന്ന മറുപടിയാണ് പഞ്ചായത്തിൽ നിന്നും ലഭിക്കുന്നത്. പക്ഷെ മാസങ്ങൾ പലത് കഴിഞ്ഞാലും ഇൗ തെരുവ് വിളക്കുകൾ കത്തുകയില്ല. ഇതോടെ പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും രാത്രികാലങ്ങളിൽ ജനങ്ങൾ ഇരുട്ടിൽ തപ്പുകയാണ്. തെരുവ് വിളക്കുകൾ കത്താത്തത് സാമൂഹ്യവിരുദ്ധർക്കും തെരുവ് നായ്ക്കൾക്കും ഒരു അനുഗ്രഹമായി മാറികൊണ്ടിരിക്കുന്നു. കത്താത്ത തെരുവ് വിളക്കുകൾ യഥാസമയം കത്തിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.