venezuela

കരാക്കസ്: അരക്കിലോ തക്കാളിയ്ക്ക് അഞ്ചു കിലോ നോട്ട് കണ്ണുമടച്ച് നൽകണം, കുടിവെള്ളത്തിന് തൊണ്ടവരണ്ട് മണിക്കൂറുകൾ ക്യൂ നിൽക്കണം, രോഗം വന്നാൽ മരുന്നില്ല... പട്ടിണിയും പരിവട്ടവും എങ്ങുമെങ്ങും.. ഒടുവിൽ ഗത്യന്തരമില്ലാതെ കുട്ടികളുമായി നാടുവിട്ടവർ ഏറെ.. ഒരുകാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്ന, മഹാനായ സൈമൺ ബൊളിവറുടെയും ഹ്യൂഗോ ഷാവേസിന്റെയും നാടായ വെനസ്വേലയുടെ ഇപ്പോഴത്തെ ചിത്രം ചുരുക്കത്തിൽ ഇങ്ങനെ വരച്ചുകാട്ടാം.. ഒരു ബക്കറ്റ് വെള്ളത്തിലെ കുളിപോലും ആഢംബരമായി മാറിയ രാജ്യത്ത് വിശപ്പിന്റെ വിളിയാണെങ്ങും. അതിനാൽ, രാജ്യത്തെങ്ങും ഒരുതരം അരക്ഷിതാവസ്ഥയാണ്. ജനങ്ങളാകട്ടെ പ്രതീക്ഷയറ്റ് പ്രക്ഷോഭത്തിന്റെ പാതയിലും. രാജ്യം ഈ ആവസ്ഥയിലായതിന്റെ കുറ്റമുന നീളുന്നത് മറ്റാരിലേക്കുമല്ല, പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്ക് നേരെതന്നെ. മഡുറോയുടെ കെടുകാര്യസ്ഥതയാണ് കാര്യങ്ങൾ ഈ വിധം എത്തിച്ചതെന്നാണ് ജനങ്ങളുടെ ആക്ഷേപം. അതേച്ചൊല്ലി പ്രതിഷേധിക്കാൻ ജനം തെരുവിലിറങ്ങിക്കഴിഞ്ഞു. അവരെ തത്കാലം നേരിടാൻ പൊലീസിലേയും പട്ടാളത്തിലേയും ഒരു വിഭാഗം തയാറല്ല. തങ്ങൾക്ക് കൂടി വേണ്ടിയല്ലേ ഈ സമരം എന്നാണവരുടെ ചിന്താഗതി.

എണ്ണയുണ്ട് പക്ഷേ,

എണ്ണയും മറ്റ് പ്രകൃതി വിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് വെനസ്വേല. ഇപ്പോഴും ലോകത്തിൽ ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ളത് ഇവിടെയാണ്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ വെനസ്വേല ആറാം സ്ഥാനത്താണ്. സമ്പന്നതയിലേക്ക് കുതിച്ചുയരാൻ എല്ലാ അവസരവും ഉള്ള ഒരു രാജ്യം. പക്ഷേ, കൂപ്പുകുത്തുന്നത് പടുകുഴിയിലേക്ക്. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് മുഖ്യ കാരണമെന്നാണ് കുറ്റപ്പെടുത്തൽ. രാജ്യത്തിന്റെ സാമ്പത്തി​കാടി​ത്തറ ശക്തി​പ്പെടുത്താൻ ഷാവേസ് ഉൾപ്പെടെയുള്ള മുൻ ഭരണാധി​കാരി​കൾ ശ്രദ്ധി​ക്കാതി​രുന്നതും തകർച്ചയ്ക്ക് വളമേകി​. ഇപ്പോൾ രാജ്യത്തെ ജനങ്ങളിൽ അഞ്ചിൽ നാലുപേർ പട്ടിണിയിലാണ്. ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല, ഉള്ളതിനാകട്ടെ തീ വീലയും. മരുന്നുകൾക്കും ക്ഷാമം. ഡോക്ടർമാർ നാടുവിടുന്നതുമൂലം ആശുപത്രികൾ പ്രവർത്തിക്കാതായി. നിർമാർജനം ചെയ്ത പലരോഗങ്ങളും വീണ്ടുമെത്തി വിളയാടി തുടങ്ങി.

venezuela

ചെയ്തതെല്ലാം തലതി​രി​ഞ്ഞത്

രാജ്യം സാമ്പത്തി​ക പ്രശ്നങ്ങളി​ൽപ്പെട്ടതോടെ അതി​ൽനി​ന്ന് കരകയറാൻ പ്രസിഡന്റ് മഡുറോ ചെയ്തതെല്ലാം അബദ്ധങ്ങളുടെ ഘോഷയാത്രയായി​രുന്നു. ആ മണ്ടൻ തീരുമാനങ്ങൾക്ക് ജനങ്ങൾ കൊടുക്കേണ്ടി​ വന്നത് വലി​യ വി​ലയാണ്. ഇതിലൊന്നാണ് പെട്രോ എന്നപേരിൽ ക്രിപ്റ്റോ കറൻസി പുറത്തിറക്കാനുള്ള തീരുമാനം. അമേരിക്കൻ ഉപരോധവും ആഭ്യന്തര പ്രശ്നങ്ങളും മൂലം ദേശീയ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് ക്രിപ്റ്റോ കറൻസി പുറത്തിറക്കാനുള്ള തീരുമാനത്തിൽ മഡുറോ എത്തിയത്. ഇതിലൂടെ അമേരിക്കൻ ഉപരോധത്തെ മറികടക്കാനാവുമെന്നും കണക്കുകൂട്ടി. വമ്പൻ ക്രൂഡോയിൽ ശേഖരം തങ്ങൾക്കുണ്ടെന്ന സ്വകാര്യ അഹങ്കാരവും തീരുമാനത്തിന് കാരണമായി. പക്ഷേ, ഇത് അപ്പടി പാളി. പ്രശ്നത്തിൽ എങ്ങനെ ഇടപെടണമെന്നോ എന്തുചെയ്യുമെന്നോ അധികൃതർക്ക് ഒരു രൂപവുമില്ല.

നോട്ടുനിരോധവും പാളി

കള്ളക്കടത്ത് തടയാനെന്ന പേരിൽ ഒരു സുപ്രഭാതത്തിലാണ് മഡുറോ രാജ്യത്തെ ഉയർന്നനോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത്. പക്ഷേ, ഇത് വൻ പരാജയമായി. തീരുമാനം പരാജയമാണെന്ന് സർക്കാർ തുറന്നുസമ്മതിച്ചു. നാണ്യപ്പെരുപ്പ നിരക്ക് കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് വെനസ്വേല. 2015ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് അധികൃതർ പുറത്തുവിടുന്നില്ല.

venezuela

പൊടിക്കൈ ചീറ്റി

പന്നിയിറച്ചി വെനസ്വേലക്കാർക്ക് പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ചും പന്നിയുടെ കാൽഭാഗത്തെ മാംസം ഉപ്പും മസാലയും ചേർത്ത് ഉണ്ടാക്കിയ വിഭവം. ജനരോഷത്തിൽ നിന്ന് കരകയറാൻ ജനങ്ങളുടെ ഇൗ വീക്ക്നെസിൽ തന്നെ കയറിപ്പിടിക്കാൻ മഡുറോ തീരുമാനിച്ചു. സൈന്യത്തിന്റെ ഭക്ഷണവിതരണ കേന്ദ്രത്തിലൂടെ സൗജന്യമായി പന്നിയിറച്ചി നൽകുമെന്ന പ്രസിഡന്റിന്റെ തീരുമാനത്തെ സന്തോഷത്തോടെയാണ് ജനങ്ങൾ വരേറ്റത്. പക്ഷേ, തുടക്കത്തിലേ പ്രശ്നങ്ങൾ തലപൊക്കി. രാജ്യത്തുതന്നെ പന്നിയിറച്ചി ഉത്പാദിപ്പിച്ച് ജനങ്ങൾക്ക് നൽകുന്നതിനുപകരം വിദേശ സ്വകാര്യ കമ്പനികൾക്ക് ഒാർഡർ നൽകിയതായിരുന്നു ആദ്യ വീഴ്ച. ആദ്യം ഒാർഡർ ലഭിച്ച പോർച്ചുഗലിലെ സ്വകാര്യ കമ്പനി പണം കിട്ടാതെ വന്നതോടെ പിന്മാറി. അതോടെ കാര്യങ്ങൾ കൈവിട്ടു. ഇടയ്ക്കിടെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് സൗജന്യമായും കുറഞ്ഞ വിലയിലും പന്നിയിറച്ചി വിതരണം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടന്നില്ല. തലസ്ഥാനമായ കരാക്കസിൽ പന്നിയിറച്ചി വാങ്ങാൻ ക്യൂ നിന്ന സ്ത്രീയെ സൈന്യം വെടിവച്ചുകൊന്നതോടെ പന്നിയിച്ചി വിപ്ളവം അപ്പടി പാളി.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ രക്ഷപ്പെടുത്താനുള്ള അവസാനശ്രമമെന്ന നിലയിൽ പണം കടവാങ്ങാനും ശ്രമിച്ചുനോക്കി. പക്ഷേ, ഉപരോധംകാരണം അതും പാളി. പ്രശ്നങ്ങൾ എങ്ങനെ മറികടക്കുമെന്ന് ആർക്കും ഒരു രൂപവും ഇല്ല.

അമേരിക്കയും വെനസ്വലേയും

വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണം അമേരിക്കയ്ക്ക് ദഹിച്ചിരുന്നില്ല. ബുഷ് ഭരണകൂടമാണ് വെനസ്വേലയിലെ വിപ്ലവത്തിനു തടയിടാൻ ആദ്യം ശ്രമിച്ചത്. 2002ലായിരുന്നു ഇത്. പക്ഷേ, അട്ടിമറിശ്രമത്തെ ജനപിന്തുണയോടെ കരുത്തനായ ഹ്യൂഗോ ഷാവേസ് അതിജീവിച്ചു. പിന്നീട് വന്ന എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും വെനസ്വേലൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പ്രതിസന്ധിയുടെ പേരിൽ, സൈനിക ഇടപെടലിനുള്ള സാധ്യതയും തേടി. കടുത്ത ഉപരോധമാണ് ഇപ്പോൾ വെനസ്വേലയ്ക്കെതിരെ ഏർപ്പെടുത്തിരിക്കുന്നത്. വെനസ്വേലയുടെ എണ്ണയ്ക്കുവേണ്ടിയാണ് അമേരിക്ക ഇൗ കളിയെല്ലാം കളിക്കുന്നതെന്നാണ് കരുതുന്നത്.