തിരുവനന്തപരും:സർക്കാർ പ്രസുകൾ ആധുനികവത്കരിക്കാനുള്ള നൂറ് കോടി രൂപയുടെ പദ്ധതി അധികൃതരുടെ പിടിപ്പുകേട് മൂലം പാഴായി. അച്ചടി വകുപ്പിനെ അത്യാധുനിക സ്ഥാപനമാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും വെറുംവാക്കായി.
എട്ടു ജില്ലകളിലായി 11 സർക്കാർ പ്രസുകളും 12 ജില്ലാ ഫോം സ്റ്രോറുകളും അച്ചടി വകുപ്പിന് കീഴിലുണ്ട്. ഈ പ്രസുകളുടെ നവീകരണത്തിനാണ് ഡോ.രാജേന്ദ്രൻ ആനയത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയത്. ആധുനികവത്കരണത്തിനുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് 2018 ഫെബ്രുവരി 18ന് കമ്മിറ്രി സർക്കാരിന് സമർപ്പിച്ചിരുന്നു.
കഴിഞ്ഞ ബഡ്ജറ്രിൽ അച്ചടിശാലകൾക്കായി ഏഴ് കോടി രൂപ നീക്കി വച്ചിരുന്നു. കമ്മിറ്രി റിപ്പോർട്ട് നടപ്പാക്കാൻ കിഫ്ബി വഴി 100 കോടി വകയിരുത്തിയതായും മുഖ്യമന്ത്രിയുൾപ്പെടെ പലതവണ ആവർത്തിച്ചതാണ്.
ഡോ. രാജേന്ദ്രൻ ആനയത്ത് സമർപ്പിച്ചത് വിശദമായ പഠന റിപ്പോർട്ടാണെങ്കിലും കിഫ്ബിക്ക് അത് പോരായിരുന്നു. കിഫ്ബി നൂറുകോടി നൽകണമെങ്കിൽ സാങ്കേതിക വിവരങ്ങൾ ഉൾപ്പെടുന്ന വിശദമായ പദ്ധതി രേഖ വേണമായിരുന്നു. അത് നൽകാത്തതിനാൽ കിഫ്ബി പണം അനുവദിച്ചില്ല.
ഇതിനിടെ അച്ചടിമേഖലയിലെ ആധുനികവത്കരണത്തിനായി സ്പെഷ്യൽ പൾപ്പസ് വെഹിക്കിൾ ആകാൻ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ വാപ്കോസ് സർക്കാരിന് താത്പര്യപത്രം നൽകിയിരുന്നു. അതും മുന്നോട്ട് നീങ്ങിയില്ല. ഫലത്തിൽ സർക്കാർ പ്രസുകൾ പഴയ പടി തുടരുന്നു. മണ്ണന്തല പ്രസിനെ ഏല്പിച്ച ലോട്ടറി ടിക്കറ്ര് അവിടെ അടിക്കുന്നില്ല. പാഠപുസ്തകങ്ങൾ പോലും സ്വകാര്യ കമ്പനികൾക്ക് നൽകുന്നു.
രാജേന്ദ്രൻ ആനയത്ത് കമ്മിറ്രി റിപ്പോർട്ട്
തിരുവനന്തപുരം ഗവ. പ്രസിനെ അത്യാധുനിക അച്ചടിക്ക് സജ്ജമാക്കുക
ഷൊർണൂരിൽ അച്ചടി പരിശീലന കേന്ദ്രം തുടങ്ങുക
ഡിജിറ്രൽ പ്രിന്റിംഗ് മെഷിനുകൾ സ്ഥാപിക്കുക.
കൂടുതൽ പ്രൊഫഷണലുകളെ നിയമിക്കുക.
എറണാകുളത്ത് നോട്ട് ബുക്ക് അച്ചടി കേന്ദ്രം
പുറം കരാർ അവസാനിപ്പിക്കുക.
ബാർകോഡിംഗ് തുടങ്ങിയില്ല.
സെക്യൂരിറ്രി പ്രസ് സംവിധാനം കാര്യക്ഷമമല്ല.